തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്കുൾപ്പടെ ഭക്ഷണം വിളമ്പിയ ഗൗതം കുമാറിനെ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് ആണ് പുരസ്കാരം നൽകി ആദരിച്ചത്.
ഹൈദരാബാദ്: ഒരു ദിവസം 1000 പേർക്ക് ഭക്ഷണം വിളമ്പി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി ഗൗതം കുമാർ. തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്കുൾപ്പടെ ഭക്ഷണം വിളമ്പിയ ഗൗതം കുമാറിനെ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് ആണ് പുരസ്കാരം നൽകി ആദരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സേർവ് നീഡി' എന്ന എൽജിഒ സംഘടനയുടെ സ്ഥാപകനാണ് ഗൗതം. ഞായറാഴ്ച സംസ്ഥാനത്തെ മൂന്ന് വിവിധയിടങ്ങളിൽ 1000 പേർക്ക് ഭക്ഷണം വിതരണം ചെയ്താണ് ഗൗതം ഈ അംഗീകാരത്തിന് അർഹനായത്. ഗാന്ധി ആശുപത്രി, രാജേന്ദ്ര നഗർ, അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ഗൗതം ഭക്ഷണം വിതരണം ചെയ്തത്. യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യൻ പ്രതിനിധിയായ കെവി രമണ, തെലങ്കാന പ്രതിനിധിയായ ടിഎം ശ്രീതല എന്നിവർ ചേർന്നാണ് ഗൗതമിന് പുരസ്കാരം സമർപ്പിച്ചത്.
2014-ലാണ് സേർവ് നീഡി എന്ന സംഘടന ആരംഭിച്ചത്. ഇന്ന് സംസ്ഥാനത്താകമാനം 140 സന്നദ്ധസേവകർ സേർവ് നീഡിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. 2014- മുതൽ വിശന്നിരിക്കുന്നവർക്ക് സംഘടന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 'തന്റെ സംഘടനയുള്ളപ്പോൾ ആരും അനാഥരെപോലെ മരിക്കാൻ അർഹരല്ല' എന്നതാണ് സംഘടനയുടെ ആപ്‌തവാക്യമെന്നും ഗൗതം മാധ്യമങ്ങളോട് പറഞ്ഞു.
