മുംബൈ: ട്രെയിനിന് മുകളിലൂടെ സാഹസികമായി നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ​ഗോരാഖ്പൂർ സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൈ വോൾട്ടേജുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ​അപകടത്തിൽ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് റെയിൽവെ ചീഫ് പിആർഒ ശിവജി സുതാർ പറഞ്ഞു. ഷോക്കേറ്റ് ട്രെയിനിന് മുകളിൽ വീണ യുവാവിനെ രാജവാഡി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽവച്ചാണ് മരണം സ്ഥിരീകരിച്ചത്.

ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിക്കുന്ന സംഭവം ഇതാദ്യമല്ല. നേരത്തെ പറ്റ്നയിൽ ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 22 വയസുകാരനായ രോഹന്‍ കുമാറാണ് അതിദാരുണമായി മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിന് മുകളിലുള്ള വൈദ്യുതി ലൈൻ തലയ്ക്ക് തട്ടുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് റെയിൽവേ സ്റ്റേഷനിൽവച്ചുതന്നെ മരിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലും ആന്ധ്രാപ്രദേശിലെ വിജയവാഡ റെയിൽവേ സ്റ്റേഷനിലും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ​ഗുരുതരമായി ഷോക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.