ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഒടിച്ചതിന് പിന്നാലെ പിതാവിന് 26,000 രൂപ പിഴ വിധിച്ചു. ഒഡീഷയിലെ ബാരംഗിലാണ് സംഭവം. ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ച കുട്ടിയെ  ബാരംഗിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തി. ശേഷം പിതാവ് മങ്കരാജ് പ്രിതയില്‍ നിന്ന് ട്രാഫിക് പൊലീസ് പിഴ ഈടാക്കുകയായിരുന്നു.

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പൊലീസ് പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് പിഴ ഈടാക്കിയതെന്ന് പൊലീസ് അറിയിച്ചു.