Asianet News MalayalamAsianet News Malayalam

വിവാഹിതരായിട്ട് മൂന്നു ദിവസം, വിവാഹസാരിയില്‍ കെട്ടിത്തൂങ്ങി നവവരന്‍, സംഭവം കണ്ട് ഞെട്ടിത്തരിച്ച് നവവധു

ബന്ധുക്കളായ ശരവണനും രാജേശ്വരിയും കുട്ടിക്കാലം മുതലെ സുഹൃത്തുക്കളായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പോലീസ്  പറഞ്ഞു

man hangs himself with wedding saree, three days after marriage, police probe on
Author
First Published Sep 23, 2023, 10:22 AM IST

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ നവവരന്‍ ആത്മഹത്യ ചെയ്തു. ഭാര്യയുടെ വിവാഹ സാരി ഉപയോഗിച്ച് വീടിനുള്ളിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കല്‍പേട്ടിലെ ദിമ്മാവരത്താണ് സംഭവം. റാണിപേട്ട് സ്വദേശിയായ ശരവണന്‍ (27) ആണ് ജീവനൊടുക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധുകൂടിയായ ചെങ്കല്‍പേട്ട് ദിമ്മാവരം സ്വദേശിനിയായ രാജേശ്വരിയുമായുള്ള ശരവണന്‍റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു ദിവസം തികയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ രാജേശ്വരി ഭര്‍ത്താവ് ശരവണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരം ചെങ്കല്‍പേട്ട് താലൂക്ക് പോലീസില്‍ അറിയിക്കുകയായിരുന്നു.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ശരവണന്‍. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ബന്ധുക്കളായ ശരവണനും രാജേശ്വരിയും കുട്ടിക്കാലം മുതലെ സുഹൃത്തുക്കളായിരുന്നുവെന്നും കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പോലീസ്  പറഞ്ഞു. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരമാണ് വിവാഹം നടന്നത്. വിവാഹശേഷം ചെങ്കല്‍പേട്ടിലെ ദിമ്മാവരത്തെ രാജേശ്വരിയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. രാത്രി ഒമ്പതോടെ ഇരുവരും മുറിയിലേക്ക് പോയെന്നും പുലര്‍ച്ചെ അഞ്ചിന് രാജേശ്വരി നിലവിളിച്ച് പുറത്തേക്ക് വരുകയായിരുന്നുവെന്നും തുടര്‍ന്ന് ബോധരഹിതയായെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

രക്ഷിതാക്കള്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് രാജേശ്വരി വിവാഹത്തിന് ധരിച്ച പട്ടുസാരി ഉപയോഗിച്ച് ശരവണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. രാത്രിയില്‍ ഇരുവരും ഫോണിലൂട ഹണിമൂണ്‍ ട്രിപ്പ് പോകുന്നതിനെക്കുറിച്ച് മറ്റും സംസാരിച്ച് വളരെ സന്തോഷത്തിലായിരുന്നു ശരവണനെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വന്നശേഷം  മരണത്തില്‍ അസ്വഭാവികതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios