ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 28കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപുര്‍ സ്വദേശിയായ പർവേസ് ആലം ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. 

പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന മുതലായവ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഐടി ആക്ട് സെക്ഷൻ 67 (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പർവേസിനെതിരെ കേസെടുത്തിരിക്കുന്നത്.