ദില്ലി: റോഡരികിൽ പരിക്കേറ്റ് അവശനായി കിടന്ന കുരങ്ങിന് മണിക്കൂറിനുള്ളിൽ സഹായമെത്തിച്ച് എംപി മനേക ​ഗാന്ധി. മാധ്യമപ്രവർത്തകയായ ഭാരതി ജെയിന്റെ ട്വീറ്റ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മനേക സംഭവത്തിൽ ഉടനടി ഇടപെടുകയും പരിഹാരമെത്തിക്കുകയും ചെയ്തത്. ദില്ലിയിലെ ഇന്ത്യൻ പ്രസ്ക്ലബിന് സമീപം അവശനായ നിലയിൽ കണ്ട കുരങ്ങിനെക്കുറിച്ച് ഭാരതി ട്വീറ്റ് ചെയ്യുകയായിരുന്നു. 

കുരങ്ങ് വളരെ അവശനിലയിലാണെന്നും മൃ​ഗസ്നേഹികൾ ആരെങ്കിലും കുരങ്ങിനെ സഹായിക്കണമെന്നായിരുന്നു ഭാരതി ജെയിനിന്റെ ട്വീറ്റ്. മനേക ​ഗാന്ധിക്ക് ടാ​ഗ് ചെയ്യുകയും ചെയ്തിരുന്നു. ഉടൻ തന്നെ മനേക ​ഗാന്ധിക്ക് റിട്വീറ്റും വന്നു. ഒരു കാർ അയയ്ക്കുന്നുണ്ടന്നും അതിൽ കയറ്റി സഞ്ജയ് ​ഗാന്ധി അനിമൽ കെയർ സെന്ററിൽ എത്തിക്കുമെന്നുമായിരുന്നു ട്വീറ്റ്. തന്നെ ടാ​ഗ് ചെയ്തതിൽ മനേക ​ഗാന്ധി നന്ദി അറിയിക്കുകയും ചെയ്തു. 

ഇതിന് ശേഷം ഭാരതി ജെയിൻ മറ്റൊരു കുറിപ്പും ട്വിറ്ററിൽ‌ പോസ്റ്റ് ചെയ്തു. കുരങ്ങ് രക്ഷപ്പെട്ടെന്നും അത് സുരക്ഷിതമായ ഇടത്താണ് എത്തിപ്പെട്ടതെന്ന് ഉറപ്പാണെന്നുമായിരുന്നു ട്വീറ്റ്. നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ മനേക ​ഗാന്ധിയുടെ ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പാർലമെന്റ് അം​ഗമായ മനേക ​ഗാന്ധി പ്രശസ്തയായ പരിസ്ഥിതി പ്രവർത്തകയും മൃ​ഗസ്നേഹിയും കൂടിയാണ്.