വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 

ബെം​ഗളൂരു: മം​ഗളൂരു ആൾക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം. വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുഡുപ്പു, കദ്രി സ്വദേശികളായ സുശാന്ത്, രാഹുൽ എന്നിവർക്കാണ് മംഗളുരു ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധവുമായി അഷ്റഫിന്റെ ബന്ധുക്കൾ രം​ഗത്തെത്തി. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരൻ ജബ്ബാർ അറിയിച്ചു. 

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് മംഗളുരുവിൽ അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്നാണ് കുടുംബം പറയുന്നത്. ഇയാൾക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. എങ്കിലും വല്ലപ്പോഴും ഇയാൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു.

കുടുപ്പു എന്ന സ്ഥലത്ത് പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചത്. ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. സംഭവത്തിൽ 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിരുന്നു. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.

മരിച്ചെന്ന് മനസിലായപ്പോൾ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തുടർച്ചയായ മർദ്ദനമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതായും കണ്ടെത്തിയിരുന്നു. കുടുപ്പു സ്വദേശി ദീപക് കുമാറെന്ന 33 കാരൻ്റെ പരാതിയിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News