Asianet News MalayalamAsianet News Malayalam

മോദി സര്‍ക്കാര്‍ സൈന്യത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്നു; മിന്നലാക്രമണം ബിജെപി സര്‍ക്കാരിന്‍റെ കുത്തകയല്ല: മന്‍മോഹന്‍സിങ്

സാമ്പത്തികരംഗത്തെ പരാജയങ്ങള്‍ മൂലം സൈന്യത്തിന്‍റെ ശൗര്യത്തിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ്ങ് ആരോപിച്ചു.
 

Manmohan singh said his government conducted multiple surgical strikes at their time
Author
Delhi, First Published May 2, 2019, 11:50 AM IST

ദില്ലി: യുപിഎ സര്‍ക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. മിന്നലാക്രമണങ്ങളുടെ പേരില്‍ വോട്ട് തേടാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. സാമ്പത്തികരംഗത്തെ പരാജയങ്ങള്‍ മൂലം സൈന്യത്തിന്‍റെ ശൗര്യത്തിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ്ങ് ആരോപിച്ചു.

സൈന്യത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തിന് നാണക്കേടാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതില്‍  അന്നത്തെ യുപിഎ സര്‍ക്കാര്‍ പരാജയമായിരുന്നെന്ന ബിജെപി ആരോപണങ്ങളെ മന്‍മോഹന്‍ സിങ് ശക്തമായി നിഷേധിച്ചു. ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനും തീവ്രവാദക്യാമ്പായി പ്രഖ്യാപിക്കാനും നയതന്ത്രതലത്തില്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തി. മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ലെഷ്കര്‍ ഇ തോയിബ തലവന്‍ ഹാഫിസ് സയിദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ തങ്ങള്‍ നടത്തിയ മിന്നലാക്രമണങ്ങളെപ്പറ്റിയും മറ്റും പ്രചാരം നടത്തി വോട്ട്തേടാന്‍ ശ്രമിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം. ദേശീയ തീവ്രവാദവിരുദ്ധ സെന്‍ററിന്‍റെ ഭാഗമായി കോസ്റ്റല്‍ സെക്യൂരിറ്റി മെക്കാനിസം കൊണ്ടുവരാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ രൂക്ഷമായി എതിര്‍ത്ത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ദിരാ ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യപ്പെടാനുള്ള അര്‍ഹത പോലും ഇപ്പോഴത്തെ പ്രധാനമന്ത്രിക്കില്ല. ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയം സൈന്യത്തിന്‍റെ നേട്ടമാണെന്നല്ലാതെ സ്വന്തം നേട്ടമാണെന്ന് പറഞ്ഞ് ലാഭം കൊയ്യാന്‍ ഇന്ദിരാ ഗാന്ധി ശ്രമിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്‍മോഹന്‍ സിങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios