ചണ്ഡീഗഢ്: ദീപാവലി ദിവസമായ ഞായറാഴ്ച സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഫലം വന്നപ്പോൾ തൂക്കു മന്ത്രിസഭയാകുമെന്ന വിലയിരുത്തലായിരുന്നെങ്കിലും ജൻനായക് ജനതാ പാർട്ടിയുടെ അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി അർധരാത്രിയും ചർച്ച നടത്തി 48 മണിക്കൂർ കൊണ്ട് ഡീലുറപ്പിച്ചു അമിത് ഷായും ബിജെപിയും. 

ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ നേതാവായി മനോഹർ ലാൽ ഖട്ടറിനെ ഏകകണ്ഠമായി തെരഞ്ഞ‌െടുത്തു. ഗവർണർ സത്യദേവ് നരെയ്ൻ ആര്യയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ഖട്ടർ ഇന്ന് തന്നെ അവകാശമുന്നയിക്കും. കേന്ദ്രനിരീക്ഷകരായി ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗും ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളെയും നിരീക്ഷകരെയും ഞെട്ടിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ നടന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ 46 സീറ്റ് വേണം. കാടിളക്കി പ്രചാരണം നടത്തിയിട്ടും അത് ബിജെപിക്ക് കിട്ടിയില്ല. ആകെ കിട്ടിയത് 40 സീറ്റ്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഏഴ് സീറ്റ് കുറവ്. കോൺഗ്രസ് നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 31 സീറ്റുകൾ കിട്ടി. കഴിഞ്ഞ തവണത്തേതിനേക്കാൾ 16 സീറ്റ് കൂടുതൽ. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയ്ക്ക് കഴിഞ്ഞ തവണ ഒരു സീറ്റും കിട്ടിയിരുന്നില്ല. പക്ഷേ, ഇത്തവണ കിംഗ് മേക്കറായി ഉയരാനായി. 10 സീറ്റ് കിട്ടി. ഐഎൻഎൽഡി - അകാലിദൾ സഖ്യത്തിന് ആകെ കിട്ടിയത് ഒരു സീറ്റാണ്. കനത്ത തിരിച്ചടി. കഴിഞ്ഞ തവണ 20 സീറ്റ് കിട്ടിയ ഇടത്താണ് ഇതെന്നോർക്കണം. സ്വതന്ത്രരായ എട്ട് പേർ ജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതിൽ ഏഴ് പേരും നിലവിൽ സർക്കാർ രൂപീകരിക്കുമെന്നുറപ്പായ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

 

ഇന്നലെ ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടെത്തിയാണ് സഖ്യ ചർച്ചകൾക്ക് നേതൃത്വം നൽകിയത്. 

ഇപ്പോഴത്തെ സ്ഥിതി വച്ച് ബിജെപി - ജെജെപി സഖ്യസർക്കാരിന് 90- അംഗ ഹരിയാന നിയമസഭയിൽ 57 സീറ്റുകൾ കിട്ടും. സ്വതന്ത്രരെ മാത്രം വച്ച് ഹരിയാനയിൽ ബിജെപിക്ക് 47 എംഎൽഎമാരെ തികയ്ക്കാൻ കഴിഞ്ഞേനെ. എന്നാൽ റിസ്കെടുക്കാൻ തയ്യാറല്ല ബിജെപി. ദുഷ്യന്ത് ചൗട്ടാലയുമായി വില പേശി സ്ഥാനം നൽകി കൂടെ നിർത്തുന്നു അവർ. 

അതേസമയം, ബലാത്സംഗക്കേസ് പ്രതിയായിരുന്ന എംഎൽഎ ഗോപാൽ കണ്ടയുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചു ബിജെപി. എയർ ഹോസ്റ്റസായിരുന്ന ഗീതിക ശർമയുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ കണ്ടയുടെ ലൈംഗികചൂഷണവും പീഡനവുമാണെന്ന് പരാതിയുയർന്നിരുന്നു. ഇതേ കേസിൽ ഗോപാൽ കണ്ട ഒരിക്കൽ അറസ്റ്റിലായിരുന്നതാണ്. എന്നാൽ പിന്നീട് തെളിവുകളുടെ അഭാവത്തിൽ കണ്ടയ്ക്ക് എതിരായ ബലാത്സംഗക്കുറ്റം പിൻവലിച്ചു. ബിജെപിയടക്കമുള്ള പാർട്ടികൾ കണ്ടയ്ക്ക് എതിരെ പ്രക്ഷോഭം നടത്തിയിരുന്നതാണ്. ഇതേ എംഎൽഎയുടെ പിന്തുണ ബിജെപി ഇപ്പോൾ സർക്കാർ രൂപീകരണത്തിനായി തേടുന്നതിനെ പ്രിയങ്ക ഗാന്ധിയടക്കം ശക്തമായി എതിർത്തിരുന്നു. എന്നാൽ സ്വതന്ത്രർ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നാണ് രവിശങ്കർ പ്രസാദ് വ്യക്തമാക്കിയത്.