Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധിപേര്‍ കുടുങ്ങികിടക്കുന്നു

സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. 

many people killed in gujarat as wall collapsed
Author
Gandhinagar, First Published May 18, 2022, 2:26 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ (Gujarat) മോർബിയിൽ ഉപ്പ് ഫാക്ടറിയിലെ ചുമരിടിഞ്ഞ് വീണ് 12 പേർ മരിച്ചു. ഒന്‍പത് തൊഴിലാളികളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. 5, 13, 14 വയസുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവരെല്ലാം തൊഴിലാളികളുടെ മക്കളാണ്. കുടുങ്ങിക്കിടക്കുന്നവ‍ർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. മോർബിയിലെ ഹാൽവാദിലുള്ള ജിഐഡിസി മേഖലയിലാണ് അപകടം നടന്ന ഉപ്പ് ഫാക്ടറി. തൊഴിലാളികൾക്ക് മേൽ വലിയ ചുവരും ഉപ്പ് ചാക്കുകളും വന്ന് വീഴുകയായിരുന്നു. ഭുരിഭാഗം പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

കാലപ്പഴക്കമാണോ മറ്റെന്തെങ്കിലുമാണോ ചുമരിടിയാന്‍ കാരണമെന്ന് വ്യക്തമല്ല. നാട്ടുകാരും മറ്റ് തൊഴിലാളികളും തുടങ്ങിയ രക്ഷാപ്രവർത്തനം പിന്നീട് പൊലീസും ഫയർഫോഴ്സും ഏറ്റെടുത്തു. വലിയ ഉപ്പ് ചാക്കുകൾ നീക്കിയുള്ള രക്ഷാപ്രവർത്തനത്തിന് ജെസിബിയും മറ്റും എത്തിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നാല് ലക്ഷവും അനുവദിച്ചു. പരിക്കേറ്റവർക്കും സഹായധനമുണ്ട്. സംഭവത്തെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തും. 

Follow Us:
Download App:
  • android
  • ios