ബറേലി: വിവാഹവേദിയില്‍ വച്ച് വധുവിനെ നൃത്തം ചെയ്യാന്‍ വലിച്ചിഴച്ച് വരന്‍, വിവാഹത്തില്‍ നിന്ന് പിന്‍മാറി വധുവിന്‍റെ വീട്ടുകാര്‍.  വിവാഹം ചെയ്യുന്ന സ്ത്രീയെ ബഹുമാനിക്കാന്‍ സാധിക്കാത്ത ആളുമായി വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വധു വ്യക്തമാക്കിയതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറല്‍. ഉത്തര്‍ പ്രദേശിലെ കനൌജ് ജില്ലയിലാണ് സംഭവം. ബറേലിയില്‍ നിന്നുള്ള യുവാവിന്‍റെ വിവാഹമാണ് കഴിഞ്ഞ ദിവസം മുടങ്ങിയത്.

വെള്ളിയാഴ്ച വലിയ രീതിയില്‍ നടത്തിയ വിവാഹ വിരുന്നിനിടെയാണ് അസുഖകരമായ സംഭവങ്ങള്‍ നടക്കുന്നത്. വരന്‍റെ സുഹൃത്തുക്കള്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് യുവതിയെ പ്രതിശ്രുത വരന്‍ വേദിയിലേക്ക് വലിച്ചിഴച്ചത്. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ വരന്‍റെ വീട്ടുകാരുമായി തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വധുവിന്‍റെ വീട്ടുകാര്‍ വിശദമാക്കി.

മകളോട് മര്യാദയില്ലാതെ പെരുമാറുന്ന വീട്ടിലേക്ക് യുവതിയെ അയയ്ക്കാന്‍ താല്‍പര്യമില്ലെന്ന് വിശദമാക്കിയ വധുവിന്‍റെ വീട്ടുകാര്‍ യുവാവിനെതിരെ സ്ത്രീധനം ആരോപണവും ഉയര്‍ത്തി. സംഭവങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തുമെന്ന് കണ്ടതോടെ വധുവിന്‍റെ വീട്ടുകാര്‍ക്ക് 6.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വരന്‍റെ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പിന്നാലെ ഞായറാഴ്ച വധുവിനെ രമ്യതപ്പെടുത്താന്‍ യുവാവ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.