ദില്ലി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മസൂദ് അസ്ഹര്‍, ഹാഫിസ് സയീദ് എന്നിവരെ ഭീകരരായി പ്രഖ്യാപിക്കാന്‍ ഇന്ത്യ. യുഎപിഎ ആക്ട് ഭേദഗതി പ്രകാരം ഇരുവരെും ഭീകരരായി പ്രഖ്യാപിക്കാനാണ് നീക്കം.  യുഎപിഎ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയിരുന്നു. രാജ്യസഭയിലും ബില്‍ പാസായില്‍ ഭേദഗതി നടപ്പില്‍ വരും. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം യുഎന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമഭേദഗതി വരുത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദമുണ്ടെങ്കില്‍ മാത്രമാണ് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനാകൂ. ഭീകരരായി പ്രഖ്യാപിച്ച വ്യക്തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും സര്‍ക്കാറിന് അധികാരമുണ്ടാകും. ഇരുവരെയും ഭീകരരായി പ്രഖ്യാപിക്കുന്നതിലൂടെ പ്രധാന വവിരങ്ങള്‍ വിദേശ ഏജന്‍സികളുമായി പങ്കുവെക്കാനാകുമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്ന നേട്ടം. 

നേരത്തെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി 42 സംഘടനകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീകര സംഘടനകളായി പ്രഖ്യാപിച്ചത്. ഇതില്‍ ദീന്‍ദര്‍ അന്‍ജുമാന്‍ എന്ന സംഘടന മാത്രമാണ് സര്‍ക്കാറിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോയത്. ബുധനാഴ്ചയാണ് യുഎപിഎ ബില്‍ ലോക്സഭയില്‍ പാസാക്കിയത്.

തീവ്രവാദം ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യമെന്നും അതിനായാണ് നിയമം ഭേദഗതി വരുത്തുന്നതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. അതേസമയം, വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള നിയമഭേദഗതി ദുരുപയോഗം ചെയ്യുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.