ലക്നൌ: 3 ലക്ഷം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം നടത്താനുള്ള ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് നികത്താനുള്ള ഒഴിവുകളുടെ കണക്ക് യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ശനിയാഴ്ചയ്ക്കുള്ളില്‍ ഒഴിവുകളുടെ എണ്ണം നല്‍കാനാണ് നിര്‍ദ്ദേശം. 

മിക്ക വകുപ്പുകളും വെള്ളിയാഴ്ച തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിയമനം നടത്താന്‍ ആരംഭിക്കണമെന്നാണ് യുപി സര്‍ക്കാരിന്‍റെ തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കണമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

യുപി സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 379709 പേര്‍ക്കാണ് വിവിധ വകുപ്പുകളില്‍ നിയനമം നല്‍കിയത്. ഒരു രീതിയിലുമുള്ള വിവേചനം കൂടാതെയാവും ഈ നിയനങ്ങളെന്നും യോഗി ആദിത്യനാഥ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി കോണ്‍ഗ്രസും സാജ്വാദി പാര്‍ട്ടിയും ആചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം വരുന്നത്.