ഗ്രാമത്തിലെ റോഡിന് വീതി കൂട്ടിയപ്പോള്‍ ക്ഷേത്രത്തിന്‍റെ സ്ഥലവും നഷ്ടമായി 2011ലെ സെന്‍സസ് പ്രകാരം നൂനൂരിലെ ജനസംഖ്യയുടെ 35 ശതമാനമാണ് മുസ്ലീങ്ങള്‍
കൊല്‍ക്കത്ത: നസറുദ്ദീന്‍ മണ്ഡലിന് ഞായറാഴ്ച രാത്രി ഒരു പ്രത്യേക ദൗത്യമാണുള്ളത്. പശ്ചിമ ബംഗാളിലെ ഭിര്‍ഭൂം ജില്ലയിലെ മസ്ജിദിലെ മതപണ്ഡിതനാണ് നസറുദ്ദീന്‍. സംസ്ഥാനം ഞായറാഴ്ച കാളീപൂജയ്ക്ക് ഒരുങ്ങുമ്പോള്‍ പ്രദേശത്തെ കാളീക്ഷേത്രം നാടിന് സമര്‍പ്പിക്കുന്നത് മൗലവിയായ നസറുദ്ദീനാണ്.
കൊല്‍ക്കത്തയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ നാനൂറിലപള്ള ബാസാരയിലാണ് മതേതരത്വത്തിന്‍റെ ഊഷ്മളത വെളിവാക്കുന്ന ഈ സംഭവം നടക്കുന്നത്. ഇതിന് മുമ്പ് മോസ്ക്കുകളും മദ്രസകളും നാടിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഹിന്ദു ക്ഷേത്രം. ഒരുമിച്ച് നില്‍ക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണെന്ന് നസറുദ്ദീന്‍ പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് നടന്ന ചില സംഭവങ്ങളാണ് പ്രദേശത്തെ ഇരു മതവിശ്വാസികളെയും തമ്മില്‍ കൂടുതല്‍ സ്നേഹബന്ധത്തിലാക്കിയത്. ഗ്രാമത്തിലെ റോഡിന് വീതി കൂട്ടിയപ്പോള്‍ ക്ഷേത്രത്തിന്‍റെ സ്ഥലവും നഷ്ടമായി. തുടര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കാനായി സ്ഥലം വാങ്ങിയതും നിര്‍മാണത്തിനായി പണം കണ്ടെത്തിയതും എല്ലാം മുസ്ലീങ്ങളാണ്.
2011ലെ സെന്‍സസ് പ്രകാരം നൂനൂരിലെ ജനസംഖ്യയുടെ 35 ശതമാനമാണ് മുസ്ലീങ്ങള്‍. ക്ഷേത്രം പൊളിച്ചതിന് ശേഷം പുതിയ ഒരു സ്ഥലത്ത് പുനര്‍നിര്‍മിക്കാനായി പ്രദേശവാസികള്‍ തീരുമാനമെടുക്കുകയായിരുന്നു. ഇവരോടൊപ്പം മുസ്ലീങ്ങളും ചേര്‍ന്നു. ആകെ ശേഖരിച്ച 10 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും മുസ്ലീങ്ങള്‍ കണ്ടെത്തിയതാണെന്ന് ക്ഷേത്രം പ്രസിഡന്‍റ് സുനില്‍ സാഹ പറഞ്ഞു.
2018ല്‍ ദുര്‍ഗാപൂജ നടത്താനും മുസ്ലീങ്ങളുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ, 2018 ഡിസംബറില്‍ ഹിന്ദുക്കള്‍ക്കായി ശ്മശാനം നിര്‍മിക്കാനായി മുഹമ്മദ് ഫാരുഖ് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയിരുന്നു.
