എംബിഎ സിലബസില്‍ ശ്രീകൃഷ്ണന്‍റെ 'മാനേജ്മെന്‍റ് മന്ത്രങ്ങള്‍'; പഞ്ചവത്സര കോഴ്സ് തുടങ്ങി അലഹബാദ് സര്‍വകലാശാല
അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ - എംബിഎ കോഴ്‌സിലാണ് ഭഗവദ് ഗീത, രാമായണം, ഉപനിഷത്തുകൾ എന്നിവ ഉള്‍പ്പെടുത്തിയത്.

പ്രയാഗ്‍രാജ്: എംബിഎ വിദ്യാര്‍ത്ഥികളെ ശ്രീകൃഷ്ണന്‍റെ 'മാനേജ്മെന്‍റ് മന്ത്രങ്ങള്‍' പഠിപ്പിക്കാന്‍ അലഹബാദ് സര്‍വകലാശാല. കൊമേഴ്‌സ് വിഭാഗം ഈ അക്കാദമിക് വര്‍ഷം ആരംഭിച്ച അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബിബിഎ - എംബിഎ കോഴ്‌സിലാണ് ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകൾ എന്നിവ ഉള്‍പ്പെടുത്തിയത്.
പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത പാലിക്കാൻ അഷ്ടാംഗ യോഗയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മാനേജ്‌മെന്റ് ചിന്തകള്‍ എന്ന പേപ്പറില്‍ ആത്മീയതയും മാനേജ്‌മെന്റും, സാംസ്‌കാരിക ധാര്‍മികത, മാനുഷിക മൂല്യങ്ങള്‍, അഷ്ടാംഗ യോഗ എന്നിവയെ കുറിച്ച് പഠിക്കാന്‍ കഴിയുമെന്ന് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഷെഫാലി നന്ദന്‍ പറഞ്ഞു.
കൂടാതെ, ജെആർഡി ടാറ്റ, അസിം പ്രേംജി, ധീരുഭായ് അംബാനി, നാരായൺ മൂർത്തി, സുനിൽ മിത്തൽ, ബിർള തുടങ്ങിയ പ്രമുഖ വ്യവസായികളെ കുറിച്ചും പഠിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്റ്റാര്‍ട്ടപ്പ് മാനേജ്മെന്റും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഷെഫാലി നന്ദന്‍ വിശദീകരിച്ചു.
26 വിദ്യാര്‍ത്ഥികളുമായി കഴിഞ്ഞ മാസമാണ് കോഴ്സ് തുടങ്ങിയത്. ആകെ 10 സെമസ്റ്ററുകൾ ഉണ്ടായിരിക്കും. കോഴ്‌സ് തുടങ്ങി ആദ്യ വര്‍ഷം പഠനം ഉപേക്ഷിച്ചാല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കും. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബിബിഎ സര്‍ട്ടിഫിക്കറ്റും നല്‍കും. അഞ്ച് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് എംബിഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം