Asianet News MalayalamAsianet News Malayalam

'ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുന്നത് സ്ത്രീകൾക്ക് ഭീഷണി'; മീ ടു ആരോപണം ചര്‍ച്ചയാക്കി വനിതാ കമ്മീഷൻ

2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. സംഭവം വലിയ ചർച്ചയായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു

me too allegation women commission criticism against punjab cm Charanjit Singh Channi
Author
Delhi, First Published Sep 20, 2021, 7:40 PM IST

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചരൺജിത് സിംഗ് ചന്നിക്കെതിരായ മീ ടു ആരോപണം ചർച്ചയാക്കി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് സ്ത്രീകൾക്ക് ഭീഷണിയാണെന്ന് രേഖ ശർമ്മ പറഞ്ഞു. 2018ൽ മീടു ആരോപണത്തിൽ ചന്നിക്കെതിരെ കമ്മീഷൻ കേസെടുത്തിരുന്നു. മൂന്ന് വർഷം മുമ്പ് ഉയർന്ന് മീ ടു ആരോപണമാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വിനയാകുന്നത്.

2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. സംഭവം വലിയ ചർച്ചയായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചാബ് വനിതാ കമ്മിഷൻ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചരണ്‍ജിത്ത് സിംഗ് ചന്നി രാജിവെക്കണമെന്ന് രേഖാ ശർമ്മ ആവശ്യപ്പെട്ടത്. ഒരു വനിത അധ്യക്ഷയായ പാർട്ടിയുടെ മുഖ്യമന്ത്രി ഇത്തരക്കാരനാകുന്നത് അപമാനകരമാണ്. ഇത് സ്ത്രീ ശാക്തീകരണത്തെ പിന്നിൽ നിന്ന് കുത്തുന്നതും സ്ത്രീകള്‍ക്ക് ഭീഷണിയാണെന്നും രേഖ ശർമ്മ പറഞ്ഞു. നേരത്തെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ  ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios