ദില്ലി: പുതിയ രാജ്യം പ്രഖ്യാപിച്ച സ്വാമി നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം. നിത്യാനന്ദ വെബ്സൈറ്റ് തുറന്ന് പുതിയ രാജ്യം പ്രഖ്യാപിച്ച നടപടി പ്രതികരണം അർഹിക്കുന്നില്ലെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു. പീഡനക്കേസില്‍ ഇന്ത്യയില്‍ അന്വേഷണം നേരിടുന്ന നിത്യാനന്ദ നിലവില്‍ വിദേശത്താണെന്നാണ് വിവരം. ഇതിനിടയില്‍ ഇദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതുക്കാനായി അപേക്ഷിച്ചെങ്കിലും അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു. 

പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് റദ്ദാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. നിത്യാനന്ദ സ്വന്തമായി രാജ്യമുണ്ടാക്കിയെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന് സ്വന്തമായി വെബ്‍സൈറ്റ് ഉണ്ടാകുന്നത് പോലെയല്ല ഒരു രാജ്യമുണ്ടാകുന്നത് എന്നായിരുന്നു രവീഷ് കുമാറിന്‍റെ മറുപടി. നിത്യാനന്ദ എവിടെയാണുള്ളതെന്ന കാര്യം അറിയില്ലെന്നും ഇതേക്കുറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നും അറിയിപ്പ് പ്രതീക്ഷിക്കുന്നതായും രവീഷ് കുമാര്‍ വ്യക്തമാക്കി. 

അതിനിടെ നിത്യാനന്ദ തങ്ങളുടെ രാജ്യത്തുണ്ടെന്ന വാര്‍ത്ത ഇക്വഡോര്‍ നിഷേധിച്ചു. പൊലീസ് അന്വേഷണം നേരിടുന്ന നിത്യാനന്ദയ്ക്ക് ഇക്വഡോര്‍ രാഷ്ട്രീയ അഭയം നല്‍കിയിട്ടില്ലെന്നും ഇക്വഡോര്‍ സര്‍ക്കാര്‍ പുതിയൊരു ദ്വീപ് വാങ്ങാന്‍ നിത്യാനന്ദയെ സഹായിച്ചെന്ന വാര്‍ത്ത അവാസ്തവമാണെന്നും ദില്ലിയിലെ ഇക്വഡോര്‍ എംബസി വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പുക്കേസില്‍ നിത്യാനന്ദയ്ക്കെതിരെ ഫ്രഞ്ച് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായുള്ള വാര്‍ത്തകളും ഇതിനിടയില്‍ പുറത്തു വരുന്നുണ്ട്. നിത്യാനന്ദയുടെ ഭക്തയായ ഒരു ഫ്രഞ്ച് വനിതയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. തന്‍റെ നാല് ലക്ഷം യു.എസ് ഡോളര്‍ ഗുരു തട്ടിയെടുത്തതായി ഈ വനിത ഫ്രഞ്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

അതേസമയം ഇന്ത്യയില്‍ നിന്നും നിത്യാനന്ദ കടല്‍മാര്‍ഗ്ഗം മൗറീഷ്യസിലേക്ക് കടന്നിരിക്കാം എന്ന സംശയം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മൗറീഷ്യസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി നിത്യാനന്ദയ്ക്കുള്ള അടുത്ത ബന്ധമാണ് ഇങ്ങനെയൊരു സംശയം സൃഷ്ടിക്കുന്നത്. 2017-ല്‍ മൗറീഷ്യസില്‍ എത്തിയ നിത്യാനന്ദ ഹൈക്കമ്മീഷണറായ ജഗദീഷ് ഗോബുര്‍ദ്ദനുമായി ചര്‍ച്ച നടത്തുകയും മൗറീഷ്യസില്‍ നിത്യാനന്ദ ഗുരുകുലം, നിത്യാനന്ദ യൂണിവേഴ്സിറ്റി എന്നീ വിദ്യഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പിടുക്കയും ചെയ്തിരുന്നു. നിത്യാനന്ദയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ചിത്രം അന്ന് സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. 

തനിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ നിത്യാനന്ദ പുതിയൊരു രാജ്യം സൃഷ്ചടിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ പ്രഖ്യാപനം നടത്തിയത്. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ആയിരക്കണക്കിന് ആരാധാകരുള്ള നിത്യാനന്ദ പുതിയ രാജ്യത്തേക്ക് തന്‍റെ അനുനായികളെ സ്വാഗതം ചെയ്യുകയും ചെയ്തു. കൈലാസ എന്നാണ് തന്‍റെ പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. രാജ്യത്തിന് സ്വന്തമായി ഭരണകൂടവും പൊലീസുമെല്ലാം ഉണ്ടാക്കുമെന്ന് നിത്യാനന്ദ പറയുന്നു. ദക്ഷിണ അമേരിക്കയിലെ ഒരു ദ്വീപ് വിലയ്ക്ക് വാങ്ങി അവിടെ പുതിയൊരു രാജ്യം സൃഷ്ടിക്കാനായിരുന്നു നിത്യാനന്ദയുടെ പദ്ധതി. 

ഗുജറാത്ത് സ്വദേശിനികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന നിത്യാനന്ദ അന്വേഷണത്തിനിടിയില്‍ ആണ് രാജ്യം വിട്ടത് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിത്യാനന്ദ ആശ്രമങ്ങളില്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി പത്തോളം ആശ്രമങ്ങളാണ് നിത്യാനന്ദയ്ക്കുള്ളത്. ഇവയെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.