കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പനയും ഉപയോഗവും പൂർണ്ണമായി നിരോധിക്കാൻ ആലോചന. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും തീർത്ഥാടകരുടെ മതപരമായ വികാരങ്ങൾ മാനിക്കാനുമാണ് ഈ നടപടിയെന്ന് മേയർ.

ഹരിദ്വാർ: കുംഭമേള നടക്കാനിരിക്കെ ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി വിൽപനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും മുട്ട വിൽപ്പനയ്ക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ആലോചന. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മേയർ കിരൺ ജയ്‌സാൽ വ്യക്തമാക്കി. ഹരിദ്വാർ നഗരസഭയുടെ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും കശാപ്പുശാലകളും അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം. ഇങ്ങനെ വന്നാൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാംസാഹാരം ലഭിക്കാത്ത സ്ഥിതിയാകും.

Add Asianetnews as a Preferred SourcegooglePreferred

അടുത്ത വർഷം ആദ്യം നടക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി നഗരത്തെ മേഖലകളായി തിരിച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തുകയാണ് ലക്ഷ്യം. നഗരത്തിലെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ മതപരമായ വികാരങ്ങൾ മാനിച്ചാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും ആലോചനയിലുണ്ട്. 

തീരുമാനത്തിനെതിരെ ഒരു വിഭാഗം വ്യാപാരികൾ രംഗത്തെത്തി. തങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്ന, തീരുമാനം പൊടുന്നനെ അടിച്ചേൽപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. മുട്ട, മാസം നിരോധനത്തിന് പുറമെ, നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഗംഗാ നദിയുടെ തീരങ്ങൾ ശുചീകരിക്കാനുമുള്ള വിപുലമായ പദ്ധതികളും കോർപ്പറേഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ഹരിദ്വാറിനെ ഒരു പൂർണ്ണ സസ്യാഹാര നഗരമായി നിലനിർത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ ദീർഘകാല നയത്തിന്റെ ഭാഗം കൂടിയാണിത്.