മുംബൈ: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിലും റാഗിംഗിലും മനംനൊന്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതു. മുംബൈയിലെ പ്രശസ്തമായ ബി വൈ എല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പായല്‍ തഡ്‍വിയെന്ന 26 കാരിയാണ് ആത്മഹത്യ ചെയ്തത്. ഗൈനക്കോളജിയില്‍ പി ജിക്ക് പഠിക്കുകയായിരുന്നു പായല്‍. സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഹേമ അഹൂജ, ഭക്തി മഹ്രേ, അങ്കിത ഖണ്ഡേവാള്‍ എന്നിവരാണ് പ്രധാനമായും പായലിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നത്. ഇവര്‍ക്കെതിരെ പൊലീസ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ സംരക്ഷിക്കാനുള്ള വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 22ാം തിയതിയാണ് ഡോ. പായല്‍ ആത്മഹത്യ ചെയ്തത്. ഡോക്ടര്‍മാരായ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി എടുത്തിരുന്നില്ലെന്ന് പായലിന്‍റെ മാതാ പിതാക്കള്‍ വ്യക്തമാക്കി. ജാതി പറഞ്ഞുള്ള അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അമ്മ അബേദ തഡ്‍വി കണ്ണീരോടെ പറഞ്ഞു.

2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബി വൈ ല്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. ആദ്യ ആറ് മാസക്കാലം വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പായലിന്‍റെ അച്ഛന്‍ വ്യക്തമാക്കി. ചെറിയ തോതിലുള്ള ജാതി അധിക്ഷേപങ്ങളുണ്ടായെങ്കിലും മകള്‍ ആദ്യം അത് കാര്യമായെടുത്തില്ല. 2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പറഞ്ഞത്. ജാതി അധിക്ഷേപവും റാഗിംഗും  കാര്യമാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് ഭര്‍ത്താവും വീട്ടുകാരും തീരുമാനിച്ചത്.

എന്നാല്‍ പായലിന് പിന്നീടും കടുത്ത പീഢനമാണ് കോളേജില്‍ നേരിടേണ്ടിവന്നത്. റിസര്‍വേഷന്‍ ക്വാട്ടയിലാണ് പായല്‍ അ‍ഡ്മിഷന്‍ നേടിയതെന്ന് പറഞ്ഞുള്ള പരിഹാസങ്ങള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തുടര്‍ന്നു. കാര്യങ്ങള്‍ സങ്കീര്‍ണമായതോടെയാണ് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ നടപടികളൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ ജാതി പറഞ്ഞുള്ള അധിക്ഷേപം കൂടികൊണ്ടിരിന്നു.

ഹോസ്റ്റലില്‍ നിന്ന് മകള്‍ കരഞ്ഞുകൊണ്ട് വീണ്ടും പരാതി പറഞ്ഞതോടെ അച്ഛന്‍ മുംബൈയിലെത്തി. മകളെ കണ്ടശേഷം പൊലീസിലും കോളേജ് അധികൃതര്‍ക്കും പരാതി എഴുതി നല്‍കാനായിരുന്നു അബേദ എത്തിയത്. എന്നാല്‍ പീഢനത്തില്‍ മനംനൊന്ത മകള്‍ ജീവനൊടുക്കിയെന്ന വാര്‍ത്തയായിരുന്നു കാത്തിരുന്നത്.