രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ വിൽപനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ എച്ച് 1-ൽ ഉൾപ്പെടുത്തിയതോടെ, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇവ വാങ്ങാൻ സാധിക്കില്ല. 

ദില്ലി: രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിന്‍റെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന പൊതുവായ ഇളവുകൾ ഇനി മുതൽ ലഭിക്കില്ല. ഇവയെ ഷെഡ്യൂൾ എച്ച് 1-ലേക്ക് ഉൾപ്പെടുത്തി. ഇതനുസരിച്ച് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ല. വിതരണക്കാരും കെമിസ്റ്റുകളും ഇവയുടെ വിൽപന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വ്യാപകമായി വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. നിരീക്ഷണവും നിയന്ത്രണവും ആവശ്യമുള്ള മരുന്നുകളുടെ വിഭാഗമായ ഷെഡ്യൂൾ എച്ച് വണ്ണിലേക്ക് മാറ്റുന്നതിലൂടെ മരുന്ന് ദുരുപയോഗം തടയാനും ഉത്തരവാദിത്തത്തോടെയുള്ള വിതരണം ഉറപ്പാക്കാനും സാധിക്കുമെന്ന് കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.

നിയമ ഭേദഗതി കാരണം രോഗികൾക്ക് ഈ മരുന്നുകൾ ലഭിക്കാതെ വരികയോ ഇവ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും മറിച്ച് കൃത്യമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഫാർമസികളെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഈ മരുന്നുകൾ വിൽക്കുമ്പോൾ കൃത്യമായ റെക്കോർഡുകൾ സൂക്ഷിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണ്.

പുതിയ നിയമപ്രകാരം ഷെഡ്യൂൾ എച്ച് വണ്ണിൽ ഉൾപ്പെടുന്ന ഈ മരുന്നുകൾ ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഫാർമസികൾക്ക് വിൽക്കാൻ കഴിയില്ല. കൂടാതെ ഇത്തരം മരുന്നുകൾ വിൽക്കുമ്പോൾ ഓരോ വിൽപ്പനയുടെയും വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കേണ്ടതുണ്ട്. ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ പരിശോധനയ്ക്കായി ഈ കുറിപ്പടികളും വിൽപ്പന രേഖകളും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഫാർമസികളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.