എല്ലാറ്റിനും കാരണം സിദ്ധരാമയ്യയാണെന്ന് ദേവഗൗഡ തുറന്നടിച്ചു കഴിഞ്ഞു. ജെഡിഎസ്സിനെതിരെ മിണ്ടരുതെന്നാണ് സിദ്ധരാമയ്യ അണികളോട് പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി.
ബെംഗളുരു: മന്ത്രിപദവി നൽകി രാജി വച്ച വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് - ജെഡിഎസ് നേതൃത്വത്തിന്‍റെ നീക്കം. ബെംഗളുരുവിൽ നടക്കുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മന്ത്രിമാർ ഒഴിഞ്ഞ് വിമതർക്ക് മന്ത്രിപദവി നൽകണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ജെഡിഎസ് - കോൺഗ്രസ് ഏകോപനസമിതി തീരുമാനിച്ചാൽ എതിർക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ബെംഗളുരുവിൽ ജെഡിഎസ് എംഎൽഎമാർ യോഗം ചേരുന്നത്.
സർക്കാർ താഴെ വീഴുമെന്ന അവസ്ഥയിൽ ഏത് അനുനയത്തിനും തയ്യാറാവുകയാണ് ഇരുപക്ഷവും. ക്യാബിനറ്റ് പദവി കിട്ടാത്തതടക്കം ഉന്നയിച്ച് കലാപമുയർത്തിയ വിമതർക്ക് മന്ത്രിപദവി കൊടുത്ത് പ്രശ്നങ്ങളൊതുക്കാനാണ് നീക്കം.
രാജി നൽകിയ ജെഡിഎസ് എംഎൽഎ എച്ച് വിശ്വനാഥിനോട് സംസാരിച്ചെന്നും തിരികെ വരുമെന്ന് സമ്മതിച്ചതായും ജി ടി ദേവഗൗഡ വ്യക്തമാക്കുന്നു.
അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി രാത്രി ഏഴരയോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തിരികെ ബെംഗളുരുവിലെത്തിയിരുന്നു. ബെംഗളുരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിലെത്തി കെ സി വേണുഗോപാലടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി.
സഖ്യസർക്കാരിനെ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ. ജെഡിഎസ്സുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയതിലെ അസംതൃപ്തി കോൺഗ്രസിനകത്ത് പുകയുന്നുണ്ടെന്നാണ് സൂചന. അസംതൃപ്തി പുകയുന്നത് കൃത്യമായി ബിജെപി മുതലെടുക്കുന്നുണ്ട്.
എന്നാൽ ഇതിനിടെ, ഒരു സാഹചര്യത്തിലും സമവായത്തിന് തയ്യാറല്ലെന്നും, മുഖ്യമന്ത്രി മാറിയാലും രാജി പിൻവലിക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസ് എംഎൽഎ എസ് ടി സോമശേഖർ മുംബൈയിലെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് വന്ന് പ്രതികരിച്ചു.
മുതലെടുക്കാൻ ബിജെപി
രാജി വച്ച എംഎൽഎമാർക്കൊപ്പം യെദിയൂരപ്പയുടെ പിഎ ഉണ്ടായിരുന്നുവെന്നതും, എംഎൽഎമാർ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ബസ്സിനടുത്ത് വരെ ഒരു ബിജെപി എംഎൽഎ ഉണ്ടായിരുന്നുവെന്നതും, മുംബൈയിൽ എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ യുവമോർച്ചയുടെ നേതാക്കൾ എത്തി എംഎൽഎമാരെ കണ്ടുവെന്ന റിപ്പോർട്ടുകളും രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിൽ ബിജെപിയുണ്ടെന്ന ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നു. ഇതിനിടെ ബിജെപി സ്വന്തം എംഎൽഎമാരെ താമസിപ്പിക്കാൻ ദൊഡ്ഡബല്ലാപൂരിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ മുപ്പത് മുറികൾ ബുക്ക് ചെയ്തെന്ന റിപ്പോർട്ടുകളും വരുന്നു.
രാജി നീക്കങ്ങൾ നടന്ന ശനിയാഴ്ച എംഎൽഎമാരെ അനുനയിപ്പിച്ച് കൊണ്ടുവരാൻ ഡി കെ ശിവകുമാറാണ് മുൻകൈയെടുത്തതെങ്കിൽ ഞായറാഴ്ച സിദ്ധരാമയ്യയാണ് എംഎൽഎമാരുമായി ചർച്ചകൾ നടത്തുന്നത്. ''ഇതിന് പിന്നിൽ ബിജെപിയാണെന്ന കാര്യം വ്യക്തമാണ്. പണവും പദവികളും നൽകി, ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്'', സിദ്ധരാമയ്യ പ്രതികരിച്ചു.
അതൃപ്തി പുകഞ്ഞ് പുറത്തേക്ക്
കർണാടകത്തിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരിൽ വിള്ളലിന് ആഴമേറുകയാണ്. എംഎൽഎമാരുടെ രാജിക്ക് പിന്നിൽ സിദ്ധരാമയ്യയാണെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡ തുറന്നടിച്ചു. ''സംസ്ഥാനത്ത് ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിൽ സിദ്ധരാമയ്യയാണെന്ന് വ്യക്തമാണ്. ഇപ്പോൾ രാജി വച്ച കോൺഗ്രസ് എംഎൽഎമാരെല്ലാം സിദ്ധരാമയ്യയുടെ അനുയായികളാണ്'', ദേവഗൗഡ ആരോപിച്ചു. എന്നാൽ ഇതിനുള്ള മറുപടിയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയ സിദ്ധരാമയ്യ, ജെഡിഎസ്സിനോ കുമാരസ്വാമിക്കോ എതിരെ ഒരക്ഷരം മിണ്ടരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു.
''സഖ്യസർക്കാരിനെതിരെ ആരും ഒന്നും പറയരുതെന്നാണ് എനിക്ക് അണികളോടും നേതാക്കളോടും അഭ്യർത്ഥിക്കാനുള്ളത്. ഇതിനെല്ലാം പിന്നിൽ ബിജെപിയാണെന്നും സഖ്യസർക്കാരിൽ ഭിന്നതകൾ ഉടലെടുക്കേണ്ടത് ബിജെപിയുടെ ആവശ്യമാണെന്നും എല്ലാവർക്കും അറിയാം'', സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
നിയമസഭാ കക്ഷിയോഗം വിളിച്ച് കോൺഗ്രസ്
ജൂലൈ 9- ചൊവ്വാഴ്ച, നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയാണ് സ്പീക്കർ കെ ആർ രമേശ് കുമാർ തിരികെയെത്തുമെന്ന് അറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ രാജി വച്ച എംഎൽഎമാരിൽ ആരുടെയും രാജി സ്പീക്കർ സ്വീകരിച്ചിട്ടില്ല. രാജിപ്രളയം വരുന്നു എന്നറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച വിധാൻ സൗധയിൽ നിന്ന് മാറുകയായിരുന്നു സ്പീക്കർ.
തൽക്കാലം മാറി നിൽക്കുക വഴി, എംഎൽഎമാരെ തിരികെ കൊണ്ടുവരാൻ സ്പീക്കർ സഖ്യസർക്കാരിന് സമയം നൽകുകയായിരുന്നു. ഇതിനുള്ളിൽ സമവായ നീക്കങ്ങൾ നടത്തുകയാണ് കോൺഗ്രസും ജെഡിഎസ്സും.
അതേസമയം, ബിജെപിയും നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബെംഗളൂരുവിൽ പാർട്ടി ആസ്ഥാനത്താണ് യോഗം. ജെഡിഎസ്സിന്‍റെ നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കുന്നതിൽ സമവായമാകുമെന്നാണ് പ്രതീക്ഷ.
