ദില്ലി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎന്‍ആര്‍ഈജിഎ) എക്കാലത്തും തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലുറപ്പ് പദ്ധതി എല്ലാകാലവും തുടരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ല. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മോദി സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍, അതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നും മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബുധനാഴ്ച രാത്രിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക എംപിമാരും തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ തുക വെട്ടിക്കുറച്ചതിനെതിരെ പരാതി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രി സര്‍ക്കാറിന്‍റെ നയം വ്യക്തമാക്കിയത്. തൊഴിലുറപ്പ് പദ്ധതിക്കായി ബ‍ജറ്റില്‍ 5000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018-19ല്‍ 55000 കോടിയാണ് അനുവദിച്ചതെങ്കില്‍ 2019-20ല്‍ 60000 കോടിയാക്കി ഉയര്‍ത്തി.

കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.