കഴിഞ്ഞ മാസം അവസാനം ദില്ലിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച മിലിന്ദ്‌ ദേവ്‍റ രാജി സന്നദ്ധത അറിയിച്ചിരുന്നു. 

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നതിനിടെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മിലിന്ദ് ദേവ്‍റ രാജിവെച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ഇതുവരെ രാഹുലിന് പിന്‍ഗാമിയായി ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. യുവനേതാക്കളുടെ അടക്കം പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് മിലിന്ദ് ദേവ്‍റ രാജിവെച്ചിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. ഒരു വിഭാഗം യുവനേതാവിനെ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് പരിചയസമ്പന്നരായ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞമാസം അവസാനം ദില്ലിയില്‍ രാഹുൽ ഗാന്ധിയെ സന്ദർശിച്ച മിലിന്ദ്‌ ദേവ്‍റ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുബൈ സൗത്തിൽ നിന്നും മത്സരിച്ച മിലിന്ദ് ദേവ്‍റ ശിവസേനയിലെ അരവിന്ദ് സാവന്തിനോട് തോറ്റിരുന്നു. വരാൻ പോകുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മുംബൈ കോൺഗ്രസിനെ നയിക്കാൻ മൂന്നംഗ സമിതിയെ നിയമിക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിലിന്ദ് ദേവ്‍റ അറിയിച്ചു.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലുയള്ള ജോതിരാദിത്യ സിന്ധ്യയും രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജോതിരാദിത്യ സിന്ധ്യയേയും പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നും ജനവിധി മാനിക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു.