ദില്ലി: മൂന്നാം തവണയും അരവിന്ദ് കെജ്‍രിവാൾ ദില്ലിയുടെ മുഖ്യമന്ത്രി പ​ദത്തിലേറുമ്പോൾ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാൾ കൂടിയാണ്. കെജ്‍രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാൻ തോമർ എന്ന ഒരുവയസ്സുകാരൻ. സത്യപ്രതിജ്ഞാ വേളയിൽ എല്ലാ കണ്ണുകളും ഈ കു‍ഞ്ഞ് കെജ്‍രിവാളിന് നേർക്കായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിലും അവ്യാൻ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമായിരുന്നു. ആം ആദ്മി പാർട്ടി നിയമോപദേഷ്ടാവ് ഭ​ഗവത് മാൻ ഉൾപ്പെടെയുള്ള പ്രമുഖർ ഷേക്ക്ഹാൻഡ് നൽകിയാണ് അവ്യാനെ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അവ്യാനെ ആം ആദ്മി പാർട്ടി ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നു. 

പാർട്ടിയുടെ ചിഹ്നമുള്ള തൊപ്പിയും കുഞ്ഞു കണ്ണടയും ധരിച്ച്, കഴുത്തിന് ചുറ്റും മഫ്ളർ ചുറ്റി, മെറൂൺ കളറിൽ വി നെക്കുള്ള സ്വെറ്റർ ധരിച്ചായിരുന്നു അവ്യാൻ കെജ്‍രിവാളായി രൂപമാറ്റം വരുത്തിയത്. പൂർണ്ണത വരുത്താൻ മുഖത്ത് ഒരു കു‍ഞ്ഞു മീശയും വരച്ചു ചേർത്തിരുന്നു. കെജ്‍രിവാളിനെ ആരാധിക്കുന്നവർ അദ്ദേഹത്തെ മഫ്ളർമാൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. 2015 ൽ കെജ്‍രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവ്യാന്റെ മൂത്ത സഹോദരി ഫെയറിയും കെജ്‍രിവാളിന്റെ വേഷം ധരിച്ച് എത്തിയിരുന്നു. ഫെയറിക്കിപ്പോൾ ഒൻപത് വയസ്സുണ്ട്. സാധാരണക്കാരനായ തന്റെ കുടുംബത്തെ ഇത്രയും വലിയൊരു ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് തോമർ കുടുംബം. അവ്യാന്റെ അച്ഛൻ തോമർ വ്യാപാരിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമാണ്.