Asianet News MalayalamAsianet News Malayalam

കോഴിക്കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച മിസോറാം ബാലന് 'ദയാലുവായ കുട്ടി' പുരസ്കാരം

ഡെറകിന്‍റെ സമ്മാനപത്രത്തിൽ 'പീറ്റ' കുറിച്ചത് ഇങ്ങനെ, "മൃഗങ്ങളോടുള്ള സഹാനുഭൂതി മനുഷ്യനുൾപ്പെടെ എല്ലാ ജീവി വർഗ്ഗങ്ങളോടുമുള്ള സഹാനുഭൂതിയാണ്. ഡെറകിനെ പോലെയുള്ള കുട്ടികളുള്ളപ്പോൾ മനുഷ്യകുലത്തിന്‍റെ ഭാവി സുരക്ഷിതമാണ്."

Mizoram Kid Who Went Viral for Saving Chicken Wins PETA Award
Author
Aizawl, First Published Apr 26, 2019, 8:14 PM IST

ഐസ്‍വാൾ: പരിക്കേറ്റ കോഴിക്കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ പത്തുരൂപ നോട്ടുമായി ആശുപത്രിയിലേക്ക് ഓടിയ ബാലന് അന്തർദേശീയ അംഗീകാരം. മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ 'പീറ്റ' (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‍മെന്‍റ് ഓഫ് അനിമൽസ്) ആണ് ആറു വയസുകാരനായ ഡെറക്ക് സി ലല്‍ക്കനിമയെ പുരസ്കാരം നൽകി അംഗീകരിച്ചത്. പീറ്റയുടെ 'കംപാഷനേറ്റ് കിഡ്' പുരസ്കാരമാണ് മിസോറാം സ്വദേശിയായ കുട്ടിയെ തേടിയെത്തിയത്. എട്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുളള്ള കുട്ടികൾക്കാണ് പീറ്റ കംപാഷനേറ്റ് കിഡ് പുരസ്കാരം നൽകുന്നത്.

കുഞ്ഞുസൈക്കിളോടിച്ച് വരുന്നതിനിടെ ഒരു കോഴിക്കുഞ്ഞ് ഡെറക്കിന്‍റെ സൈക്കിൾ വീലിനടിയിൽ പെടുകയായിരുന്നു. പരിക്കേറ്റ പക്ഷിയുമായി ഡെറക് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെത്തി. ഒരു കൈയ്യിൽ ചലനമറ്റ കോഴിക്കുഞ്ഞും മറുകൈയ്യിൽ ചികിത്സാ ചെലവിനായി കയ്യിൽ ആകെയുണ്ടായിരുന്ന പത്തുരൂപയും അവൻ പിടിച്ചിരുന്നു. കോഴിക്കുഞ്ഞ് ചത്തതറിയാതെ പണം നീട്ടിക്കൊണ്ട് അതിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന ഡെറക്കിന്‍റെ ചിത്രം ആശുപത്രി ജീവനക്കാരി പകർത്തിയിരുന്നു. ഈ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഡെറകിന്‍റെ സ്കൂൾ സ്കൂൾ അധികൃതർ ഡെറക്കിന് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു.

Mizoram Kid Who Went Viral for Saving Chicken Wins PETA Award

1. സമൂഹമാധ്യമങ്ങളിൽ ഡെറക്കിന്‍റെ വൈറലായ ചിത്രം 2. സ്കൂൾ അധികൃതർ ഡെറക്കിനെ ആദരിച്ചപ്പോൾ

'ഇന്ത്യയുടെ ദയാലുവായ കുട്ടി' എന്ന് അവനെ സൈബർ ലോകം പുകഴ്ത്തി. നിഷ്കളങ്കതയുടേയും നന്‍മയുടേയും പരജീവി സ്നേഹത്തിന്‍റേയും രൂപകമായി ഡെറക് സി ലൽക്കനിമ എന്ന ഇന്ത്യൻ ബാലനെ അന്തർദേശീയ മാധ്യമങ്ങളും വാഴ്ത്തി. ഒടുവിൽ ഡെറക്കിന്‍റെ കനിവിന് അന്താരാഷ്ട്ര അംഗീകാരവും അവനെ തേടിയെത്തിയിരിക്കുന്നു.

ഡെറകിന്‍റെ സമ്മാനപത്രത്തിൽ 'പീറ്റ' കുറിച്ചത് ഇങ്ങനെ, "മൃഗങ്ങളോടുള്ള സഹാനുഭൂതി മനുഷ്യനുൾപ്പെടെ എല്ലാ ജീവി വർഗ്ഗങ്ങളോടുമുള്ള സഹാനുഭൂതിയാണ്. എല്ലാ ജീവി വ‍ർഗ്ഗങ്ങൾക്കും എതിരായ ക്രൂരതയ്ക്ക് എതിരുനിൽക്കലാണ്. അതുകൊണ്ട് നമുക്കൊപ്പം ഈ ഭൂമി പങ്കിടുന്ന മറ്റു മൃഗങ്ങളോട് ചെറിയ പ്രായത്തിൽ തന്നെ സ്നേഹം കാട്ടുന്ന കുട്ടികളെ അംഗീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഡെറകിനെ പോലെയുള്ള കുട്ടികളുള്ളപ്പോൾ മനുഷ്യകുലത്തിന്‍റെ ഭാവി സുരക്ഷിതമാണ്."

ലോകം നല്ലതാണ്, നല്ലവരുടേതാണ്.

Follow Us:
Download App:
  • android
  • ios