ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കുമാരസ്വാമി സര്‍ക്കാരിന് ആശ്വാസമായി ഒരു വിമത എംഎല്‍എ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. എംഎല്‍എ എം ടി ബി നാഗരാജാണ് രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. കുമാരസ്വാമി നാഗരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്  പിന്നാലെയാണിത്. സിദ്ധരാമയ്യയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

തനിക്കൊപ്പം കെ സുധാകറും രാജി പിന്‍വലിക്കുമെന്നും നാഗരാജ് അറിയിച്ചു. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ച അഞ്ച് വിമതരില്‍ ഒരാളാണ് എം ടി ബി നാഗരാജ്. 

സുപ്രീംകോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കു എന്നതിനാൽ കിട്ടിയ സമയം കൊണ്ട് ചാടിപ്പോയ എംഎല്‍എമാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. പരമാവധി എംഎൽഎമാരെ മൂന്ന് ദിവസം കൊണ്ട് സ്വന്തം ക്യാംപിലേക്ക് തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നത്.