ദില്ലി: നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിർണായക ആഘോഷങ്ങൾ വരാനിരിക്കവേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തിൽ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകൾ വരാനിരിക്കേ ജനങ്ങൾ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മോദിയുടെ വാക്കുകൾ -

ജനതാകർഫ്യു മുതൽ രാജ്യം കെവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓർക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതൽ കൂട്ടാൻ കഴിഞ്ഞു

കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി. കൊവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടിൽ പലരും പെരുമാറുന്നു. പലയിടത്ത് നിന്നുമുള്ള ദൃശ്യങ്ങളിൽ നിന്ന് ഈ ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവർ മറ്റുള്ളവർക്ക് ഭീഷണിയാകും.
വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോൾ ഓരോരുത്തർക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ശത്രുവിനെയും രോഗത്തെയും കുറച്ചു കാണരുത്

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും സമയമാണിത്. ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും.അതിനാൽ എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ കൃതൃമായി പാലിക്കണം. പുറത്തിറങ്ങുമ്പോൾ അന്യരിൽ നിന്നും ആറടി അകലം പാലിക്കണം. മാസ്ക് ധരിക്കണം. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിനായുള്ള ബോധവത്കരണം നടത്തണം.