ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഇസ്രോ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഇസ്രോ ചെയര്‍മാന്‍ വികാരാധീനനായത്. അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് മോദി സമാശ്വസിപ്പിക്കുകയായിരുന്നു. 

ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ടെന്നും മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. രാവിലെ എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചത്.

ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും  പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങൾ തുടരണം. രാജ്യം മുഴുവൻ ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിച്ചത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലാവുകയായിരുന്നു. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയതെന്നും അതിനു ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.