ദില്ലി: കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി മോദി ആദ്യ ​ഗഡുവായി രണ്ടേ കാൽ ലക്ഷം രൂപ നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പൊതു കാര്യങ്ങൾക്കായി ഇതിന് മുമ്പും പ്രധാനമന്ത്രി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സംഭാവന ചെയ്തത്. അതുപോലെ തന്നെ  ദക്ഷിണ കൊറിയയിൽ നിന്ന് ലഭിച്ച സോള്‍ സമാധാന പുരസ്കാര തുകയായ 1.3 കോടി രൂപ നമാമി ​​ഗം​ഗാ പദ്ധതിക്ക് വേണ്ടി അദ്ദേഹം സംഭാവന നൽകിയിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും ലേലം ചെയ്ത് സമാഹരിച്ച തുകയും അദ്ദേഹം ​ഗം​ഗാനദീ ശുചീകരണ പദ്ധതിക്കായി നൽകുകയായിരുന്നു. 

2015-ല്‍ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും മൊമെന്റോകൾ ലേലം ചെയ്ത് ലഭിച്ച 3.40 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. 2014 ൽ ​ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ ഭരണ കാലം പൂർത്തിയാക്കിയ സമയത്ത് സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൺ‌മക്കളുടെ വിദ്യാഭ്യാസ‌ത്തിന് വേണ്ടി ഇദ്ദേഹം നൽകിയിരുന്നു. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ലഭിച്ച എല്ലാ സമ്മാനങ്ങളും ലേലം ചെയ്ത് സമ്പാദിച്ച 89.96 കോടി രൂപ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കന്യാ കലവാണി ഫണ്ടിലേക്ക് നൽകിയിരുന്നു. സ്മൃതി ഇറാനി അടക്കമുള്ള മന്ത്രിമാര്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.