ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തിന് ശേഷം നടത്തിയ ആദ്യത്തെ വിദേശയാത്രക്ക് ഉപയോഗിച്ചത് പുതിയ വിവിഐപി വിമാനം. കഴിഞ്ഞ ഒക്ടോബറില്‍ വാങ്ങിയ ബോയിങ്-777 രജിസ്‌ട്രേഷന്‍ വിടി-എഎല്‍ഡബ്ല്യു വിമാനത്തിലാണ് മോദി പറന്നത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനാണ് എഐ-വണ്‍ അത്യാധുനിക വിമാനം അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. മറ്റൊരു വിമാനം ഇന്ത്യ വാങ്ങിയിട്ടുണ്ട്. മിസൈല്‍ ആക്രമണങ്ങളെ തടയാന്‍ ശേഷിയുള്ളതാണ് ഈ വിമാനം. വെള്ളിയാഴ്ച രാവിലെ എട്ടിന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട മോദി 10.30ഓടെയാണ് ധാക്കയിലെത്തിയത്. ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് മോദി നടത്തുന്നത്.