ദില്ലി: രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ 'മത്സ്യ സമ്പാദ യോജന' പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. കൂടാതെ കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് വിപണന കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായ ഇ-ഗോപാല ആപ്പും പുറത്തിറക്കി. കർഷകർക്ക് ഇടനിലക്കാരിൽ നിന്നും സ്വാതന്ത്ര്യം നൽകുമെന്നും കന്നുകാലികളുടെ ഉത്പാദന ക്ഷമത, ആരോ​ഗ്യം, ഭക്ഷണക്രമം എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 'ഇ-ഗോപാല' ആപ്പിൽ നിന്നും ലഭ്യമാകുമെന്നും ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു. 

'നല്ല ഇനം മൃ​ഗങ്ങളെന്ന പോലെ അവയുടെ പരിപാലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രാധാന്യമർഹിക്കുന്നു. ഇതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതിക വിദ്യ ഉപയോ​ഗിച്ചു വരികയായിരുന്നു. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഇ-ഗോപാല ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.' മോദി പറഞ്ഞു. ഇ ​ഗോപാല ആപ്ലിക്കേഷൻ കന്നുകാലി കർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ മാധ്യമം ആയിരിക്കും. വിപുലമായ കന്നുകാലികളെ തെരഞ്ഞെടുക്കാൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കാം. കന്നുകാലികളുടെ ആരോ​ഗ്യം, ഭക്ഷണക്രമം, ഉത്പാദന ക്ഷമത എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും. പ്രധാനമന്ത്രി പറഞ്ഞു. 

മൂന്ന് നാല് വർഷത്തിനുള്ളിൽ മത്സ്യബന്ധനരം​ഗത്ത് വൻ കുതിച്ചുചാട്ടമാണ് മത്സ്യസമ്പാദ യോജന വഴി ലക്ഷ്യമാക്കുന്നത്. പട്ന, പൂർണ്ണിയ, സീതാമർഹി, മാതേപുര, കിഷൻ​ഗഞ്ച്, സമസ്തിപൂർ എന്നിവിടങ്ങളിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതിയിലൂടെ മത്സ്യബന്ധന മേഖലയ്ക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, പുതിയ ഘടനവും പുതിയ വിപണിയും ലഭിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.