എൻഒഎഎയിലെ കൂട്ടപിരിച്ചുവിടൽ അമേരിക്കയുടെ മാത്രം പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ശാസ്ത്രത്തിനും പ്രവർത്തനങ്ങൾക്കും തിരിച്ചടിയാണെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണ ശൃംഖലയുടെ പകുതിയും NOAA യുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.
ദില്ലി: യുഎസ് കാലാവസ്ഥാ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ (NOAA) കൂട്ട പിരിച്ചുവിടലിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞരും വിദഗ്ധരും രംഗത്ത്. നിരീക്ഷണ വിവരങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള കുറവ് ഇന്ത്യയിലെ മൺസൂൺ പ്രവചനങ്ങളെയും ചുഴലിക്കാറ്റ് ട്രാക്കിംഗിനെയും ബാധിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച നൂറുകണക്കിന് കാലാവസ്ഥാ പ്രവചകരെയും പ്രൊബേഷണറി സ്റ്റാറ്റസിലുള്ള മറ്റ് ഫെഡറൽ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.
ദേശീയ കാലാവസ്ഥാ സേവന ഓഫീസുകളിൽ നിർണായകമായ പ്രാദേശിക പ്രവചനങ്ങൾ നടത്തുന്ന കാലാവസ്ഥാ നിരീക്ഷകരെ ഉൾപ്പെടെയാണ് പിരിച്ചുവിട്ടത്. എൻഒഎഎ നിരീക്ഷണങ്ങൾ കുറച്ചാൽ കാലാവസ്ഥാ പ്രവചനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സമുദ്ര നിരീക്ഷണങ്ങൾ കുറയുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ കുറവ് വരും. അതിനാൽ പ്രവചനക്ഷമത കുറയുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പിടിഐയോട് പറഞ്ഞു.
എൻഒഎഎ പിരിച്ചുവിടലുകളെ കാലാവസ്ഥാ ശാസ്ത്രത്തെ ആഗോളതലത്തിൽ ബാധിച്ചേക്കാവുന്ന പ്രതിസന്ധിയാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ റോക്സി മാത്യു കോൾ പറഞ്ഞു. ലോകമെമ്പാടുമുള്ള കാലാവസ്ഥാ-കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത തയ്യാറെടുപ്പ് എന്നിവയെ സഹായിക്കുന്നന്ന ഡാറ്റയും മോഡലുകളും അമേരിക്കൻ ഏജൻസി നൽകുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മൺസൂൺ പ്രവചനങ്ങൾ, സൈക്ലോൺ ട്രാക്കിംഗ്, കാലാവസ്ഥാ പ്രവചനങ്ങൾ എന്നിവ NOAA യുടെ മോഡലുകളെ ആശ്രയിച്ചാണിരിക്കുന്നത്.
എൻഒഎഎയിലെ കൂട്ടപിരിച്ചുവിടൽ അമേരിക്കയുടെ മാത്രം പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ശാസ്ത്രത്തിനും പ്രവർത്തനങ്ങൾക്കും തിരിച്ചടിയാണെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണ ശൃംഖലയുടെ പകുതിയും NOAA യുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഇതില്ലെങ്കിൽ, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, കൊടുങ്കാറ്റുകൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകൾ ദുർബലമാകും. ഇത് ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുമെന്നും റോക്സി മാത്യു കോൾ പറഞ്ഞു.
