ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ്  ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടത്തും

ദില്ലി: രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞ നിരക്കിലാണെന്നും കൊവിഡ് വിലയിരുത്തുന്ന മന്ത്രിതല യോഗത്തില്‍ ഹര്‍ഷവര്‍ധൻ പറഞ്ഞു. ഇന്ത്യയിലെ 147 ജില്ലകളില്‍ കഴി‍‌ഞ്ഞ ഏഴ് ദിവസമായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഇതില്‍ 18 ജില്ലകളില്‍ പതിനാല് ദിവസമായി ഒരു കേസുപോലുമില്ല. 

അതേസമയം ഇന്ത്യയുടെ കൊവിഡ്‍ പ്രതിരോധം മോശമാണെന്ന് ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനം പറയുന്നു. നൂറ് രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധത്തെ അവലോകനം ചെയ്തതില്‍ ഇന്ത്യക്ക് 86 ാം സ്ഥാനമാണ്. പട്ടികയില്‍ ശ്രീലങ്കയും ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യക്ക് മുകളിലാണ്. കൊവിഡ് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികച്ച രാജ്യം ന്യൂസിലന്‍റും മോശം പ്രകടനം ബ്രസീലിന്‍റേതുമാണെന്നും ലോവി ചൂണ്ടിക്കാട്ടുന്നു. 

കണക്കുകള്‍ വ്യക്തമല്ലാത്ത ചൈനയെ ഒഴിവാക്കിയാണ് വിലയിരുത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,666 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി എഴ് ലക്ഷത്തി ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിമൂന്നായി. 123 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് . ആകെ മരണം 1,53,847 ആണ്.