ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും വിജയം നേടിയ അരവിന്ദ് കെജ്രിവാളും സംഘവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങുകള്‍ക്ക് നിരവധി പേര്‍ എത്തിയിരുന്നെങ്കിലും ശ്രദ്ധാകേന്ദ്രമായത് കുറേ കുട്ടി കെജ്‍രിവാള്‍മാരായിരുന്നു. നേരത്തേ ഫലം പുറത്തുവന്ന ഫെബ്രുവരി 11 ന് കെജ്‍രിവാളിനെപ്പോലെ വേഷമിട്ടെത്തിയ കൊച്ചുമിടുക്കന്‍ ശ്രദ്ധനേടിയിരുന്നു. ഇതോടെ ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറിനെ ആംആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുകയും ചെയ്തു. 

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു അവ്യാന്‍ മാത്രമായിരുന്നില്ല നിരവധി കുട്ടികള്‍ വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും കുഞ്ഞ് ആംആദ്മി തൊപ്പിയും കെജ്‍രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമെല്ലാമായി നിരന്നിരുന്നു. ഇവരുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 70 ല്‍ 62 സീറ്റ് നേടിയാണ് ആംആദ്മി ദില്ലിയില്‍ വിജയിച്ചത്. 

''ഞങ്ങള്‍ ബവാനയില്‍ നിന്നാണ് വരുന്നത്. ഞങ്ങളുടെ മണ്ഡലത്തില്‍ കെജ്‍രിവാള്‍ നല്ല വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കെജ്‍രിവാള്‍ സിന്ദാബാദ്'' - കുഞ്ഞു കെജ്‍രിവാളായി വന്ന സയ്യിദ് ഹുസൈന്‍റെ മാതാവ് പറഞ്ഞു. 

ഇന്ന് അവ്യാനും മറ്റ് കുട്ടികളുമാണ് മഫ്ളര്‍ മാനായി എത്തിയതെങ്കില്‍  2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്‍രിവാളിന്റെ വേഷത്തിലെത്തിയത്. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു.