Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്ന് പിഎംഒ, ക്ലീൻചിറ്റ്

പ്രധാനമന്ത്രിയുടെ ഓഫീസിൽ ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂർ നൽകിയ പരാതിയാണ് തള്ളിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ അറിവോടെ ചട്ടം ലംഘിച്ച് പിആർ കമ്പനി മാനേജർ സ്മിത മേനോൻ അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന പരാതിയാണ് തള്ളിയത്. 

mos v muralidharan did no protocol violation says pmp gives clean chit
Author
New Delhi, First Published Oct 21, 2020, 12:55 PM IST

ദില്ലി: കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയു‍ടെ ഓഫീസ്. വി മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന പരാതിയാണ് തള്ളിയത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവുരാണ് പരാതി നൽകിയത്. 

ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഈ പരാതി പിഎംഒയിൽ കിട്ടിയത്. വിവിധ മന്ത്രാലയങ്ങൾക്ക് ഈ പരാതി നൽകി വിവരങ്ങൾ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയിൽ പറയുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി വിവരങ്ങൾ തേടിയിരുന്നു. അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ ഇതിന് മറുപടിയും നൽകി. 

ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ ഔദ്യോഗികപദവിയൊന്നും വഹിക്കാത്ത, ഒരു പി ആർ കമ്പനി മാനേജറെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ സലിം മടവൂർ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കാമെന്നും പരാതിയിലുണ്ടായിരുന്നു. 

എന്നാൽ പരാതിയിൽ കഴമ്പില്ല, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല, എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോ‍ർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios