ദില്ലി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് എസ്പി എംപിയും നടിയുമായ ജയാ ബച്ചന്‍. ചലച്ചിത്ര മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നവെന്ന ബിജെപി എംപി രവി കിഷന്റെ പരാമര്‍ശത്തിലാണ് ജയ ബച്ചന്‍ കങ്കണക്കെതിരെ രംഗത്തെത്തിയത്. കുറച്ച് പേരുടെ പ്രവൃത്തി കാരണം സിനിമാ മേഖലയെ ആകമാനം അപമാനിക്കരുത്.ചലച്ചിത്ര മേഖലയിലെ തന്നെ ഒരാള്‍ അവര്‍ക്കെതിരെ രംഗത്തെത്തിയത് തന്നെ ലജ്ജപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുന്നതാണ് അവരുടെ പെരുമാറ്റമെന്നും കങ്കണയുടെ പേര് പരാമര്‍ശിക്കാതെ ജയാ ബച്ചന്‍ വിമര്‍ശിച്ചു. 

മയക്കുമരുന്ന് കേസില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രവി കിഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാന്‍ പാകിസ്ഥാനും ചൈനയും നടത്തുന്ന ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, രാജ്യത്തെ തൊഴിലില്ലായ്മയില്‍ നിന്നും സാമ്പത്തിക തളര്‍ച്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനയെന്ന് ജയ ബച്ചന്‍ തിരിച്ചടിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും പണവും നല്‍കുന്ന സിനിമാ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും ജയ ബച്ചന്‍ ആവശ്യപ്പെട്ടു. ജയബച്ചന്റെ പരാമര്‍ശത്തിനെതിരെ നടി കങ്കണ രംഗത്തെത്തി. നിങ്ങളുടെ മകനോ മകളോ ലഹരിക്കടിമപ്പെട്ടാല്‍ ഇങ്ങനെയായിരിക്കുമോ നിങ്ങളുടെ പ്രതികരണമെന്ന് കങ്കണ ചോദിച്ചു. ബോളിവുഡില്‍ നിന്ന് ജയ ബച്ചന് പിന്തുണയുമായി നടി തപ്‌സി പന്നു രംഗത്തെത്തി.