ദില്ലി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് വിഷയത്തിൽ പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും
എംപിമാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കാതെ വിദേശകാര്യ ഉദ്യോഗസ്ഥർ. കേസിൽ അന്വേഷണം തുടരുന്നു എന്ന് മാത്രമായിരുന്നു ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. വ്യക്തമായ മറുപടി നല്കണമെന്ന് സമിതി അദ്ധ്യക്ഷൻ പിപി ചൗധരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയെന്ന് സൂചനയുണ്ട്.

ലൈഫ് മിഷൻ ഇടപാടും റെഡ്ക്രസൻറ് ഇടപെടലും അറിഞ്ഞോ എന്ന് എംപിമാർ ചോദിച്ചു. യുഎഇ  കോൺസുലേറ്റ് മതഗ്രന്ഥം വിതരണം ചെയ്തെന്ന മന്ത്രി ജലീലിൻറെ വാദവും എംപിമാർ പരാമർശിച്ചു. എൻ.കെ പ്രേമചന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരാണ്  പാർലമെന്റിന്റെ വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചത്.

അതേസമയം,  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. കേസിൽ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടരുകയാണ്. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയിൽ വിശദീകരിച്ചു .

പണം ഹവാലാ മാർഗത്തിലൂടെയാണ് ഗൾഫിൽ എത്തുന്നത്. ഇതിന് സ്വ‍ർണം വാങ്ങി അയക്കുന്നു, ഇതാണ് ,സംഘത്തിന്‍റെ രീതിയെന്നും കസ്റ്റംസ് പറഞ്ഞു. സ്വർണക്കടത്തുകേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. ഹ‍ർ‍ജികൾ വിധി പറയാനായി മാറ്റി.