പാക് കസ്റ്റഡിയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ വൈദ്യപരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എംആര്‍ഐ സ്കാനിങ്ങില്‍ അഭിനനന്ദന് പരിക്കുകളൊന്നും കണ്ടെത്താനായില്ല. അതേസമയം സ്കാനിങ്ങില്‍ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.  

ദില്ലി: പാക് കസ്റ്റഡിയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ വൈദ്യപരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എംആര്‍ഐ സ്കാനിങ്ങില്‍ അഭിനനന്ദന് പരിക്കുകളൊന്നും കണ്ടെത്താനായില്ല. അതേസമയം സ്കാനിങ്ങില്‍ നട്ടെല്ലിന്‍റെ താഴ്ഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. വിമാനം തകര്‍ന്ന് താഴേക്ക് ചാടിയ സമയത്തുണ്ടായതാണ് ഈ പരിക്കെന്നാണ് സൂചന. 

ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. പാക് അധീന കശ്മീരില്‍ വീണ അഭിനന്ദന് പ്രദേശവാസികളുടെ മര്‍ദ്ദനമേറ്റതിലും പരിക്കുകളുണ്ട്. പരിക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും കണ്ടെത്തി കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദില്ലി കന്‍ഡോന്‍മെന്‍റിലെ റിസേര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം പരിശോധനകള്‍. അതിന് ശേഷം എംആർഐ സ്കാൻ തുടങ്ങിയവയാണത്. 'അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്' എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും ലഭിക്കും. 

അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. മുമ്പ് കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ തടവിലാക്കിയ നചികേതയ്ക്കും ഒരു മാനസിക, ശാരീരിക കൗൺസിലിംഗും ചികിത്സയും നൽകിയിരുന്നു. അതിന് ശേഷം നചികേത സർവീസിലേക്ക് സജീവമായി തിരിച്ചുവന്നു. അത് പോലെ ഒരു ചികിത്സ അഭിനന്ദനും നൽകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടക്കാട്ടുന്നു.

പാക്കിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്ന് പാക് അധീന കശ്മീരില്‍ വീണത്. തുടര്‍ന്ന് പാക് കസ്റ്റഡിയിലായ അദ്ദേഹത്തെ രണ്ടാം ദിവസത്തിനി് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമറി. ആദ്യം അമൃത്സറിലും തുടര്‍ന്ന് ദില്ലിയിലും പരിശോധനകള്‍ നടത്തിയ അഭിനന്ദന്‍റെ ചികിത്സ ഇപ്പോള്‍ ദില്ലിയില്‍ തുടരുകയാണ്. ചികിത്സകള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി അഭിനന്ദന് വീണ്ടും വിമാനം പറത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യം.