ഇൻഡോർ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉപദേശവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി. മകൻ രാഹുലിനെ സോണിയ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേർക്കണമെന്നാണ് അബ്ബാസ് നഖ്വിയുടെ നിർദ്ദേശം. ഇതിലൂടെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാൻ രാഹുലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ മോദിയെ വടിയെടുത്ത് തല്ലുമെന്ന രാഹുലിന്റെ പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഇതിന് മറുപടി ആയിട്ടാണ് രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കാൻ മന്ത്രി നിർദ്ദേശിച്ചത്. 

"കോൺഗ്രസ് നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കായി ഒരു ഉപദേശം നൽകാനുണ്ട്. പ്രത്യേകിച്ച് സോണിയഗാന്ധിക്ക്, അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കണം. അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയും"- മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.

രാഹുൽ ഗാന്ധിയെ വിമർശിച്ച മന്ത്രി, ശരിയായ മാനസിക സന്തുലിതാവസ്ഥയുള്ള ആരും പൊതുജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വടികൊണ്ട് അടിക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്നും വ്യക്തമാക്കി. ദില്ലിയിലെ എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, ഫലം വരട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read Also: 'ചിലര്‍ എന്നെ തല്ലുന്നതിനെക്കുറിച്ച് പറയുന്നു, പക്ഷേ എല്ലാ അമ്മമാരുടെയും അനുഗ്രഹം എന്നെ സംരക്ഷിക്കും': മോദി