റയ്ഗഢ്: മഹാരാഷ്ട്രയിലെ റഡ്ഗഢില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. 70ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അഞ്ചുനില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തില്‍ മൊത്തം 45 ഫ്‌ലാറ്റുകളായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മന്ത്രി അതിഥി തത്കരെയും സംഭവ സ്ഥലത്തെത്തി. 

റയ്ഗഢ് ജില്ലയിലെ കാജല്‍പുരയിലാണ് രാവിലെ ഏഴ് മണിയോടെ കെട്ടിടം നിലം പൊത്തിയത്. ഏകദേശം 70ന് മുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. കഴിഞ്ഞ മാസം മുംബൈയിലും കെട്ടിടം തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചിരുന്നു.