Asianet News MalayalamAsianet News Malayalam

'ബഹു രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യം പരാജയമെന്ന് സംശയം'; ഹിന്ദി വാദത്തിന് ശേഷം വീണ്ടും അമിത് ഷാ

70 വര്‍ഷത്തിന് ശേഷം ബഹുപാര്‍ട്ടി സംവിധാനം പരാജയമാണോ എന്ന് രാജ്യത്തിന് സംശയം തോന്നിയിരിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞ എന്ന കാര്യത്തില്‍ ജനം നിരാശരാണെന്നും ഷാ പറഞ്ഞു.

multy party democracy is failed? Amit shah raises question
Author
New Delhi, First Published Sep 17, 2019, 8:29 PM IST

ദില്ലി: ഒരു രാജ്യം ഒരു ഭാഷ വാദത്തിന് പിന്നാലെ ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം രാജ്യ പുരോഗതിക്ക് തടസ്സമാണെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം പരാജയമാണെന്ന് മനസ്സിലായപ്പോല്‍ ജനം അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗത്തിനും തുല്യ പ്രാതിനിധ്യമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനമുള്ള ജനാധിപത്യ രാജ്യങ്ങളെ പഠിച്ച് ഇന്ത്യയില്‍ ബഹു പാര്‍ട്ടി സംവിധാനം ഭരണഘടന നിര്‍മാതാക്കള്‍ നടപ്പാക്കിയത്. എന്നാല്‍, 70 വര്‍ഷത്തിന് ശേഷം ബഹുപാര്‍ട്ടി സംവിധാനം പരാജയമാണോ എന്ന് രാജ്യത്തിന് സംശയം തോന്നിയിരിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞ എന്ന കാര്യത്തില്‍ ജനം നിരാശരാണെന്നും ഷാ പറഞ്ഞു. ഓള്‍ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാറുകളെയും അമിത് ഷാ വിമര്‍ശിച്ചു. യുപിഎ ഭരണകാലത്ത് അഴിമതി വാര്‍ത്തകളായിരുന്നു ദിവസവും പുറത്തുവന്നിരുന്നത്. അതിര്‍ത്തി അശാന്തമായിരുന്നു. പട്ടാളക്കാരുടെ തലയറുക്കപ്പെട്ടു. സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു. എന്നും തെരുവുകളില്‍ പ്രക്ഷോഭമായിരുന്നു. രാഷ്ട്രീയമായി മരവിച്ച സര്‍ക്കാറായിരുന്നു അത്. ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിമാരെന്ന പോലെയായിരുന്നു പ്രവര്‍ത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു. ചില സര്‍ക്കാറുകള്‍ 30 വര്‍ഷം ഭരിച്ചിട്ടാണ് വലിയ തീരുമാനമെടുത്തത്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 വലിയ തീരുമാനമാണ് കൈക്കൊണ്ടത്. ജിഎസ്ടി, നോട്ട് നിരോധനം, വ്യോമാക്രമണം എന്നിവയാണ് അതില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios