മുംബൈ: മഹാരാഷ്ട്രയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥനും എൻകൗണ്ടർ സ്പെഷലിസ്റ്റുമായിരുന്ന പ്രദീപ് ശർമ ശിവസേനയിൽ ചേർന്നു. ഔദ്യോഗിക ജീവിതത്തിനിടെ 150 ഓളം പേരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയിട്ടുണ്ട്.

ഉദ്ധവ് താക്കറെയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ വച്ചാണ് ഇദ്ദേഹം ശിവസേനയിൽ ചേർന്നത്. മുംബൈയുടെ പ്രാന്തപ്രദേശമായ നലസൊപര മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ജനവിധി തേടിയേക്കും എന്നും റിപ്പോർട്ടുണ്ട്.

പ്രദീപ് ശർമ പൊലീസിലായിരുന്നപ്പോൾ തോക്കാണ് സംസാരിച്ചതെന്നും ഇനി അദ്ദേഹത്തിന്റെ മനസാവും സംസാരിക്കുകയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സർവ്വീസിലായിരുന്നപ്പോൾ തനിക്കേറെ പ്രേരണയായിരുന്നു ബാലാസാഹബ് താക്കറെയെന്നും അദ്ദേഹം എന്നും തങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെന്നും പ്രദീപ് ശർമ പറഞ്ഞു.

ജൂലൈ മാസത്തിലാണ് മഹാരാഷ്ട്ര പൊലീസിൽ നിന്ന് പ്രദീപ് ശർമ രാജിവച്ചത്. താനെ ക്രൈം ബ്രാഞ്ചിൽ ഇൻസ്പെക്ടറായിരിക്കെയാണ് രാജി. ഗുണ്ടാനേതാവായ ലഖൻ ബയ്യയുടെ വ്യാജ എൻകൗണ്ടർ കൊലപാതകത്തിൽ കുറ്റാരോപിതനായ ഇദ്ദേഹം ദീർഘകാലം സർവ്വീസിന് പുറത്തായിരുന്നു. കേസിൽ 2013ൽ കുറ്റവിമുക്തനാക്കപ്പെട്ട ഇദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുത്തിരുന്നു.