22ാം നിലയില്‍, കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. 

മുംബൈ: മുംബൈയിലെ കൂറ്റന്‍ ബില്‍ഡിംഗിന് മുകളില്‍ കയറി നിന്ന് അതിസാഹസിക പ്രകടനം കാഴ്ച വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 22ാം നിലയില്‍ കൈകളില്‍ ബാലന്‍സ് ചെയ്ത് തലകുത്തനെ നിന്ന് സാഹസിക പ്രകടനം നടത്തിയ ഡിസൂസ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. 

22ാം നിലയില്‍, കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. ഇവിടെ കൈകള്‍ കുത്തി കാലുകള്‍ മുകളിലേക്കാക്കിയായിരുന്നു ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് ഇയാളെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും തിരഞ്ഞുതുടങ്ങിയത്. മുംബൈയിലെ ജയ് ഭാരത് കെട്ടിടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് തിരിച്ചറിഞ്ഞ പൊലീസ് തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.