റെയിൽവേ ട്രാക്കിൽ കിടന്നയാളെ രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. എഞ്ചിൻ ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒരു ജീവന് രക്ഷയായി. 

മുംബൈ: റെയിൽവേ ട്രാക്കിൽ (Railway track) കിടന്നയാളെ രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ (Train) നിർത്തി. എഞ്ചിൻ ഡ്രൈവറുടെ (Engine Diver) സമയോചിത ഇടപെടൽ ഒരു ജീവന് രക്ഷയായി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ റെയില്‍വേ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സബര്‍ബണ്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിലെ സേവ്‌രി സ്റ്റേഷനിലാണ് യുവാവ് ട്രെയിനിന് മുന്നിൽ കിടന്നത്. ദൂരെ നിന്ന് ട്രെയിൻ വരുമ്പോൾ തന്നെ ഒരാള്‍ പാളത്തിലൂടെ അലയുന്നുണ്ടായിരുന്നു. ട്രെയിന്‍ മുന്നോട്ട് അടുക്കുന്നതിനിടെ ഇയാൾ ടാക്കിൽ കിടന്നു.

ഇതോടെയാണ് ലോക്കോ പൈലറ്റ്‌ എമര്‍ജന്‍സി ബ്രേക്കിട്ടത്. ഇയാള്‍ കിടക്കുന്നതിന്റെ തൊട്ടടുത്തുവരെ എത്തിയാണ് ട്രെയിന്‍ നിന്നത്. ട്രെയിന്‍ നിന്നതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അതിവേഗമെത്തി ഇയാളെ മാറ്റി. ഇതെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച രാവിലെ 11.45 നാണ് സംഭവം. കൃത്യസമയത്ത് വണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റിനെ അഭിന്ദിച്ച് റെയില്‍വേ തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വീഡിയോ അതിവേഗമാണ് വൈറലായത്. നിരവധിപേർ ലോക്കോപൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തി. സമയോചിതമായി എത്തി പാളത്തില്‍ കിടന്നയാളെ മാറ്റിയ റെയില്‍വേ പൊലീസിന്റെ കൃത്യ നിർവഹണത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.