മുംബൈ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ അധ്യാപകന് നിര്‍ബന്ധിത അവധി നൽകി മുംബൈ സര്‍വകലാശാല. സര്‍വകലാശാലയിലെ അക്കാദമി ഓഫ് തിയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനാണ് അവധിയില്‍ പ്രവേശിച്ചത്.

രാഹുല്‍ ​ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ യോഗേഷ് ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടിയെടുത്തിരിക്കുന്നത്. മാത്രമല്ല രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തെയും യോഗേഷ് വീഡിയോയിൽ കുറ്റപ്പെടുത്തിയിരുന്നു.

"നിങ്ങൾ പറഞ്ഞത് ശരിയാണ്, നിങ്ങൾ സവർക്കർ അല്ല. അദ്ദേഹത്തിന്റെ സമർപ്പണം, ത്യാഗം, വീര്യം ഇതൊന്നും നിങ്ങളിൽ ഇല്ല. എന്നാൽ താങ്ങളെ ​ഗാന്ധി എന്ന് വിളിക്കാനും ഒന്നുമില്ല. നിങ്ങൾ വെറും 'പപ്പുഗിരി' മാത്രമാണ്"എന്നായിരുന്നു യോഗേഷ് വീഡിയോയിൽ പറഞ്ഞിരുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകൾ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു.