പട്ന: മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് 120 കുട്ടികള്‍ മരിച്ച ബിഹാര്‍ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. പൊട്ടിയൊഴുകുന്ന കക്കൂസുകളും മാലിന്യം പേറുന്ന ഓടകളും ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുമാണെങ്ങും.  ആയിരങ്ങള്‍ ദിവസവും ചികിത്സ തേടിയെടുത്തുന്ന ഈ സര്‍ക്കാര്‍ മെ‍‍ഡിക്കല്‍ കോളേജ് ആശുപത്രി വൃത്തിയായി സൂക്ഷിക്കാന്‍ ഒരു സംവിധാനവുമില്ലെന്നാണ് രോഗികള്‍ പറയുന്നത്.

ആശുപത്രി കെട്ടിടത്തോട് ചേര്‍ന്ന് ഒഴുകുന്ന ഓട വൃത്തികേടാകാവുന്നതിന്‍റെ പരമാവധിയിലാണ്. കിടക്കാന്‍ ബെഡില്ലാത്തെ രോഗികളിലധികവും ആശുപത്രി വരാന്തയിലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തോട് ചേര്‍ന്ന ഭാഗം പോലും വൃത്തിയായി സൂക്ഷിക്കാൻ ആശുപത്രി അധികൃതർക്കായിട്ടില്ല. ആശുപത്രി മാലിന്യമടങ്ങിയ മലിനജലം പൊട്ടിത്തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ താഴേക്ക് പൊട്ടിയൊഴുകുന്നത് കാണാം. വൃത്തിയാക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നാണ് രോഗികള്‍ പറയുന്നത്.

വൃത്തിയാക്കേണ്ടവരോട് ചോദിക്കുമ്പോൾ അവര്‍ ഒച്ച വെക്കുകയാണെന്നും എല്ലാ രോഗികളും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും ആശുപത്രിയിലെ ഒരു രോഗി പറയുന്നു. കക്കൂസുകളും വൃത്തിയാക്കുന്നില്ല. മലിനമായ വെള്ളവുമാണ് കിട്ടുന്നതെന്നിരിക്കെ കുപ്പി വെള്ളം വാങ്ങിയിട്ടാണ് രോഗികൾ പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത്.

ആശുപത്രിയോട് ചേര്‍ന്നൊഴുകുന്ന മാലിന്യം വഹിച്ചുള്ള ഓടയോട് ചേര്‍ന്നാണ് ഭക്ഷണം വില്‍ക്കുന്ന തട്ടുകടകളുള്ളത്.  ഈച്ച പൊതിഞ്ഞിരിക്കുന്ന ഇവിടത്തെ ഭക്ഷണമാണ് ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികള്‍ കഴിക്കുന്നത്.  ഇതൊക്കെയായിട്ടും ആശുപത്രി പരിസരത്തെ മാലിന്യം നീക്കി വൃത്തിയായി സൂക്ഷിക്കാന്‍ 120 കുട്ടികള്‍ മരിച്ചിട്ടും ആശുപത്രി അധികൃകര്‍ തയ്യാറാവുന്നില്ല എന്നതാണ് സങ്കടം.