മുംബൈ: അമ്മാവന്റെ സ്ഥാനത്തുനിന്ന് ഹിന്ദു യുവതികളുടെ വിവാഹം ചെയ്തയച്ച് മുസ്ലിം യുവാവ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ബോധേഗാവിലാണ് സംഭവം. ബാബാഭായി പത്താനാണ് തന്റെ അയല്‍വാസികളായ യുവതികളുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. അയല്‍വാസികളായ ഗൗരി, സവരി എന്നിവരുടെ വിവാഹത്തിനാണ് ബാബാഭായി പത്താന്‍ മുന്നില്‍ നിന്നത്.

ബാബാഭായി പത്താന്റെ അയല്‍വാസിയാണ് യുവതികളുടെ കുടുംബം. ഭര്‍ത്താവ് ഉപേക്ഷിച്ച സവിത ഭുസാരെ മക്കളായ ഗൗരിയുടെയും സവരിയുടെയും കൂടെയായിരുന്നു താമസം. ഇവരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സഹോദരനായിരുന്നു ബാബാഭായി പത്താന്‍. എല്ലാ വര്‍ഷവും സവിത ബാബാഭായി പത്താന് രാഖി കെട്ടുന്നതും പതിവായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിന് ബാബാഭായി പത്താന്‍ അമ്മാവന്റെ റോള്‍ വഹിച്ചത്. കാര്‍മ്മികത്വം മാത്രമല്ല, തന്റെ സമ്പാദ്യവും ഇവരുടെ വിവാഹച്ചെലവിലേക്ക് പത്താന്‍ നല്‍കി.

പത്താന്‍ കരഞ്ഞുകൊണ്ട് ഇവരെ യാത്രയാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുംഗിഗാവിലേക്കാണ് ഇരുവരെയും വിവാഹം ചെയ്ത് അയച്ചത്. നിരവധിയാളുകളാണ് ബാബാഭായി പത്താന്റെ സല്‍പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇവരെ ബാബാഭായി പത്താന്‍ ദത്തെടുത്ത് വളര്‍ത്തിയതെന്നാണ് ചില മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു.