Asianet News MalayalamAsianet News Malayalam

വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിക്കുക; ബിജെപി നേതാക്കള്‍ക്ക് ആര്‍എസ്എസിന്‍റെ പരോക്ഷ വിമര്‍ശനം

പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വാക്കുകളുടെ മിത ഉപയോഗമാണ് ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചത്. ഈ പാഠം ബിജെപി നേതാക്കളെയും അണികളെയും പഠിപ്പിക്കണം. 

Must keep modest and restraint in Language: RSS leader
Author
New Delhi, First Published Mar 1, 2020, 6:37 AM IST

ദില്ലി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്. വാക്കുകള്‍ മിതമായും സംയമനത്തോടെയും മാത്രമേ ഉപയോഗിക്കാവൂവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ജോയിന്‍റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെ പറഞ്ഞു. വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിച്ചതിനാലാണ് ശ്രീരാമനെ മര്യാദ പുരുഷോത്തമന്‍ എന്ന് വിശേഷിപ്പിച്ചതെന്നും ദത്താത്രേയ ഓര്‍മിപ്പിച്ചു. ആരുടെയും പേര് പറയാതെയായിരുന്നു ദത്താത്രേയയുടെ വിമര്‍ശനം. ദില്ലിയില്‍ സംഘടിപ്പിച്ച അയോധ്യ പര്‍വ് രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വാക്കുകളുടെ മിത ഉപയോഗമാണ് ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചത്. ഈ പാഠം ബിജെപി നേതാക്കളെയും അണികളെയും പഠിപ്പിക്കണം. ഭാഷയില്‍ മര്യാദ പാലിച്ചതിനാലാണ് രാമനെ മര്യാദപുരുഷോത്തമന്‍ എന്ന് വിളിക്കുന്നത്. മനസ്സില്‍ തോന്നുന്നതെന്തും വിളിച്ചുപറയരുതെന്ന അദ്ദേഹത്തിന്‍റെ സന്ദേശം ഇപ്പോള്‍ പ്രസക്തമാണ്. ലോകം മുഴുവന്‍ രാമനെ ആരാധിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നാട്ടിലെ ഭക്തര്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തിരിക്കേണ്ടി വന്നുവെന്നും ദത്താത്രേയ പറഞ്ഞു.

അയോധ്യ എംപി ലല്ലു സിംഗാണ് പരിപാടി സംഘടിപ്പിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പരിപാടിയില്‍ പങ്കെടുത്തു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വെര്‍മ എന്നീ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നേതാവിന്‍റെ പരാമര്‍ശം. കപില്‍ മിശ്രയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ദില്ലിയില്‍ കലാപമുണ്ടായത്. 

Follow Us:
Download App:
  • android
  • ios