ദില്ലി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. സൈനികരോടുള്ള ആ​ദര സുചകമായാണ് പേരുകള്‍ ശിലാഫലകത്തില്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിൽ കേണല്‍ സന്തോഷ് ബാബു അടക്കമുള്ള 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. 

ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെ മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുകയായിരുന്നു.