ചണ്ഡിഗഡ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനോഹർ ലാൽ ഖട്ടറെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും അഞ്ചു വർഷം ഒട്ടേറെ വികസന പദ്ധതികൾ ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതായും നരേന്ദ്രമോദി പറഞ്ഞു. നിലവിൽ ഹരിയാനയിലെ മുഖ്യമന്ത്രിയാണ് ലാൽ ഖട്ടർ.

“കഴിഞ്ഞ ലേക്സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്നെ പിന്തുണച്ചു. അതുപോലെ  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- നരേന്ദ്രമോദി പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നാണ് നരേന്ദ്രമോദി ഹരിയാനയിലെ റോഹ്തക്കിൽ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോണ്‍ഗ്രസ് ജയിച്ച ഏക ലോക്സഭ മണ്ഡലമാണ് റോഹ്തക്. 

ആരാണ് മനോഹർ ലാൽ ഖട്ടർ ?

2014 ഒക്ടോബർ 26-ന് ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ ബിജെപി നേതാവാണ് മനോഹർ ലാൽ ഖട്ടർ. 2014-ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിനു ശേഷം മുൻ ആർ എസ് എസ് പ്രചാരക് 10-മത്തെ ഹരിയാന മുഖ്യമന്ത്രിയാവുകയും ഭൂപീന്ദർ സിംഗ് ഹൂഡയുടെ (ഐ എൻ സി) പിൻ ഗാമിയാകുകയും ചെയ്തു. 1977-ൽ ബിജെപിയുടെ മൂല സംഘടനയുടെ സ്ഥിരം അംഗം ആയതിനു ശേഷം, 14 വർഷം അദ്ദേഹം ആർ എസ് എസിനെ സേവിയ്ക്കുകയും പിന്നീട് 1994-ൽ ബി ജെ പിയിൽ ചേരുകയും ചെയ്തു.  ഖത്രി സമുദായത്തിൽ നിന്നുള്ള ഖട്ടർ, കോൺഗ്രസ് പ്രതിയോഗിയായ സുരേന്ദർ സിംഗ് നർവാളിനെ 63,736 വോട്ടിന് പരാജയപ്പെടുത്തി 2014;ലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് ജയിച്ചു. ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും ഖട്ടർ പാർട്ടി റാങ്കുകളിലുള്ള തന്റെ ആരോഹണം നടത്തുകയും ബിജെപിയുടെ സംഘടനാ സെക്രട്ടറിയാവുകയും ആത്യന്തികമായി തന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.